ഹാഷ് ടാഗ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടി കൊച്ചിയില്‍

Saturday 17 March 2018 2:53 am IST
"undefined"

തിരുവനന്തപുരം: 'ഹാഷ് ടാഗ് ഫ്യൂച്ചര്‍'’ആഗോള ഡിജിറ്റല്‍ ഉച്ചകോടി ഈ മാസം 22, 23 തീയതികളില്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. വിവരസാങ്കേതിക വ്യവസായകേന്ദ്രമായി കേരളത്തെ വളര്‍ത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവര സാങ്കേതിക വ്യവസായ രംഗത്തിന്റെ സഹകരണത്തോടെയാണ് സര്‍ക്കാര്‍ പിന്തുണയില്‍ ഈ ഉച്ചകോടി നടത്തുന്നത്. ഈ മേഖലയില്‍ നേട്ടമുണ്ടാക്കിയ പ്രമുഖരെ ഒരുമിച്ചുകൊണ്ടുവരികയും വിജ്ഞാന വിനിമയത്തിന് ഒരു വേദിയുണ്ടാക്കുകയുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. ഇത്തരം ഉച്ചകോടി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തും. വിജ്ഞാന വ്യവസായ മേഖലയിലെ നൂതന പ്രവണതകള്‍, അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍, ഡിജിറ്റല്‍ നൂതനാശയങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂല ഹബ്ബായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടാണ് 'ഹാഷ് ടാഗ് ഫ്യൂച്ചര്‍' ഉച്ചകോടി നടത്തുന്നത്.

 ഡിജിറ്റല്‍ സാങ്കേതികതയുടെ വികാസത്തിലെ സാധ്യതകളില്‍ സംസ്ഥാനത്തിനും രാഷ്ട്രത്തിനും ഉപയോഗിക്കാവുന്ന ഇത്തരം വേദിയില്‍ ചര്‍ച്ചയാകും. സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ മുന്നേറ്റത്തിലും വളര്‍ച്ചയിലും മലയാളികളായ ആഗോള വിദഗ്ധരുടെ സഹകരണവും പിന്തുണയും ഇതിലൂടെ നേടാനുമാകും. വിജ്ഞാന വ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനും ഉച്ചകോടിയുടെ വേദി സഹായിക്കും. 2000 പ്രതിനിധികളും ആഗോള പ്രശസ്തരായ 30 ലേറെ വിദഗ്ധരും ഉച്ചകോടിയില്‍ സംബന്ധിക്കും. നന്ദന്‍ നിലേക്കനി, രഘുറാം രാജന്‍, ബൈജു രവീന്ദ്രന്‍, ഡോ. ഗീത ഗോപിനാഥ്, കമല്‍ ബാലി, അജിത് ജെ. തോമസ്, അനുരാധ ആചാര്യ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും.

അനുദിനം മാറിമറിയുന്ന ഡിജിറ്റല്‍ വികാസത്തിന്റെ കാലഘട്ടത്തില്‍ ഭാവിയില്‍ എല്ലാ മേഖലയിലും ഇത്തരം സേവനങ്ങള്‍ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്ന് ചര്‍ച്ചകള്‍ നടക്കും. ഡിജിറ്റല്‍ വികാസത്തിന്റെ വഴിയില്‍ ഏറെ സാധ്യതയുള്ള കേരളത്തിന്റെ അവസരങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. 

സംസ്ഥാന ഹൈപ്പവര്‍ ഐടി കമ്മിറ്റി ചെയര്‍മാന്‍ എസ്.ഡി. ഷിബുലാല്‍, അംഗം വി.കെ. മാത്യൂസ്, ഐടി സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.