പെന്‍ഷന്‍ നല്‍കാത്തത് രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍: കൃഷിവകുപ്പ്

Saturday 17 March 2018 2:15 am IST
"undefined"

കോട്ടയം: ലക്ഷം തൊഴില്‍ദാന പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്യാത്തത് അര്‍ഹരായവര്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതു മൂലമെന്ന് കൃഷിവകുപ്പ്. പെന്‍ഷന് അര്‍ഹരായിട്ടുള്ളത് 982 പേര്‍ മാത്രമാണെന്നും അതില്‍ 28 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും പദ്ധതിയുടെ ചുമതലയുള്ള കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീകല 'ജന്മഭൂമി'യോട് പറഞ്ഞു. 

ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രേഖകളും വയസ്സുതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതമാണ് അപേക്ഷിക്കേണ്ടത്. കൃഷിഭവനുകളില്‍ നല്‍കുന്ന അപേക്ഷകള്‍ അവിടെ നിന്ന് പഞ്ചായത്ത് തല സമിതിയിലേക്കും പിന്നീട് ജില്ലാ സമിതിയിലേക്കും അയയ്ക്കും. 

അവിടെനിന്നുള്ള സ്റ്റേറ്റ്‌മെന്റ് സഹിതം സര്‍ക്കാരിന് ലഭിച്ച ശേഷം പെന്‍ഷന്‍ നല്‍കുക എന്നതാണ് രീതിയെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ വിശദീകരിച്ചു. 90 കോടി രൂപയാണ് നിലവില്‍ പദ്ധതിയുടെ ഭാഗമായുള്ളത്. അത് കൊടുത്തുതീരുന്നതോടെ പദ്ധതി നിര്‍ത്തേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ വാദം.

എന്നാല്‍, സര്‍ക്കാരിന്റേയും കൃഷിവകുപ്പിന്റേയും വാദം തികച്ചും തെറ്റാണെന്ന് കര്‍ഷകരുടെ സംഘടനയായ ഒരു ലക്ഷം യുവകര്‍ഷക സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ബൈജു പറഞ്ഞു. ആകെ മൂന്നുപേര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ കിട്ടുന്നത്. 28 പേര്‍ക്ക് ലഭിച്ചത് ബാങ്കിലേക്ക് പണം എത്തുമെന്ന അറിയിപ്പ് മാത്രമാണ്. ഒരു രൂപപോലും ലഭിച്ചിട്ടില്ല. 

കാലാനുസൃതമായി പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്ന ആവശ്യത്തോടും നിഷേധാത്മകമായാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. 982 അര്‍ഹര്‍ എന്നത് 2017 മാര്‍ച്ച് 31 ലെ കണക്കാണ്. നിലവില്‍ 1500 പേര്‍ അര്‍ഹരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

1994 ല്‍ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പുമുഖേന നടപ്പാക്കിയ പദ്ധതി പ്രകാരം 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ 1000 രൂപ പെന്‍ഷനും 30000 രൂപ ഗ്രാറ്റുവിറ്റിയും നല്‍കാമെന്നായിരുന്നു വാഗ്ദാനം.  ഇത് യഥാക്രമം 10,000 രൂപയും മൂന്നു ലക്ഷം രൂപയുമായി ഉയര്‍ത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 1,04,213 പേരായിരുന്നു അംഗങ്ങള്‍. അതില്‍ പലരും മരിച്ചു. നിലവില്‍ 85,000 അംഗങ്ങളുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.