സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കുന്നു

Saturday 17 March 2018 2:23 am IST
"undefined"

കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഈ മാസം 19ന് മിനിമം വേതന ഉപദേശക സമിതി യോഗം ചേരുമെന്ന് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. ഗുരുദാസന്‍. എറണാകുളം ടൗണ്‍ ഹാളില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് നടത്തിയ ആശുപത്രി മാനേജുമെന്റുകളുമായുള്ള ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ ഉപദേശക സമിതി ശരിയായ തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ 13ന് തിരുവനന്തപുരത്ത് തൊഴില്‍ ഭവനില്‍ മിനിമം വേതനം സംബന്ധിച്ച് ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് ഹിയറിങ് നടത്തിയിരുന്നു. സമിതിക്ക് മുന്നില്‍ പരാതി നല്‍കിയവരെ കത്തയച്ച് വരുത്തി ഹിയറിങ് നടത്തുകയായിരുന്നു.

ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ ഹിയറിങ്ങില്‍ പരിഗണിച്ചു. ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്ത് തൊഴില്‍ ഭവനില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പരാതിക്കാരുടെ ഹിയറിങ് നടത്തും. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള ഒരു നടപടിക്കും മിനിമം വേതന ഉപദേശക സമിതി മുതിരില്ല. സമയബന്ധിതമായി ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. 

എട്ട് അസോസിയേഷനുകളുടേതുള്‍പ്പെടെ 200 പരാതികളാണ് എറണാകുളം ടൗണ്‍ ഹാളില്‍ നടത്തിയ ഹിയറിങ്ങില്‍ പരിഗണിച്ചത്. ലേബര്‍ കമ്മീഷണര്‍ എ. അലക്സാണ്ടറും ബോര്‍ഡംഗങ്ങളും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.