നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍; വിവാദം പുകയുന്നു

Saturday 17 March 2018 3:25 am IST
"undefined"

കോട്ടയം: വിവാദത്തിന് തിരി കൊളുത്തി ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍. ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ടീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്.  'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തില്‍ ജോസ് കെ. മാണിയെ പ്രതിരോധത്തിലാക്കിയ സോളാര്‍ കേസിന് പിന്നിലുള്ളവരെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. 

സംസ്ഥാന രാഷ്ടീയത്തില്‍ കേരള കോണ്‍ഗ്രസ് ഒറ്റപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുസ്തകം ഇറങ്ങിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവച്ചാണ് വെളിപ്പെടുത്തലെന്നും ആരോപണമുണ്ട്.

തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയാണ് നേതാവിന്റെ മകനില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് അവര്‍ വെളിപ്പെടുത്തുന്നു. വ്യക്തിയെക്കുറിച്ചോ തീയതിയെക്കുറിച്ചോ പരാമര്‍ശമില്ല. അതേസമയം ചില സൂചനകളുണ്ട്. 'എ വിഐപി ട്രെയിന്‍ സ്റ്റോറി' എന്ന ഭാഗത്താണ് വിവാദഭാഗങ്ങള്‍. 

രാത്രി വൈകി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്‍ക്കുമ്പോള്‍ അച്ഛന്റെ പേര് പറഞ്ഞ് യുവാവ് പരിചയപ്പെടുത്തി. മെലിഞ്ഞ ശരീരപ്രകൃതിയുള്ള വ്യക്തിയാണ്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന ഭാര്യാ പിതാവിനെ സന്ദര്‍ശിച്ച് മടങ്ങുകയാണെന്നാണ് പറഞ്ഞത്. ട്രെയിന്‍ വന്നപ്പോള്‍ ഒപ്പം കയറിയ യുവാവ് താനിരുന്ന സൈഡിലെ ലോവര്‍ ബര്‍ത്തില്‍ വന്നിരുന്നു. താന്‍ ഉറക്കത്തിന്റെ ഭാവങ്ങള്‍ പ്രകടിപ്പിച്ചുവെങ്കിലും 'ജന്റില്‍മാന്‍' നിര്‍ത്താതെ സംസാരിച്ച് കൊണ്ടേയിരുന്നു. അസഹ്യമായപ്പോള്‍  ടിടിആറിനെ കണ്ട് പറഞ്ഞെങ്കിലും ഒഴിഞ്ഞുമാറി. ഇയാളുടെ അച്ഛനെ പോലെയുള്ള സ്വഭാവക്കാരനായിരിക്കുമെന്നായിരുന്നു മറുപടി. നിങ്ങള്‍ ഒരേ രാഷ്ടീയ മുന്നണിയിലായതിനാല്‍ ഒടുവില്‍ എന്റെ തലയില്‍ വന്ന് വീഴുമെന്ന് പറഞ്ഞാണ് ടിടിആര്‍ ഒഴിവായതെന്ന് പുസ്തകത്തില്‍ പറയുന്നു.

മടങ്ങിയെത്തിയപ്പോഴും ശല്യം തുടര്‍ന്നു. കാല്‍പ്പാദത്തില്‍ സ്പര്‍ശിച്ചതായും അതോടെ അവിടെ നിന്ന് പോകാന്‍ പറഞ്ഞതായും വെളിപ്പെടുത്തുന്നു. സോളാര്‍ കേസിന് പിന്നില്‍ നല്ല അയല്‍ക്കാരനാണെന്നും അവര്‍ പരാമര്‍ശിക്കുന്നു. ഹീറോ എന്ന് പരാമര്‍ശിച്ച് തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച യുവകോണ്‍ഗ്രസ് നേതാവിനെതിരെയും പുസ്തകത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പുസ്തകം പ്രകാശനം ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.