മുന്‍പഞ്ചായത്ത് അംഗങ്ങള്‍ക്കും പെന്‍ഷന്‍ നല്‍കണം

Saturday 17 March 2018 2:39 am IST

മുന്‍പഞ്ചായത്ത് അംഗങ്ങള്‍ക്കും പെന്‍ഷന്‍ വേണമെന്ന ആവശ്യം കുറെ പഴയതാണ്. മറ്റുപെന്‍ഷനുകളൊന്നുമില്ലാത്ത മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷനും സൗജന്യചികിത്സയും അനുവദിക്കുന്ന ആവശ്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ട് വര്‍ഷം പലതുകഴിഞ്ഞു. ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല.

കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിരുന്നു.വലിയൊരു കാര്യം തന്നെ. മെഡിക്കല്‍ കോളേജിലും മറ്റും അതുപയോഗിക്കാനാകുന്നു. വലിയ സന്തോഷം. ഏതു രാഷ്ട്രീയക്കാരനായാലും അസംബ്ലി-ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കണമെങ്കില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അനിവാര്യമാണ്. ഈ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ, സ്ഥലത്തെ പഞ്ചായത്ത് അംഗങ്ങളാണ്.പഞ്ചായത്ത് അംഗത്തിന്റെ വാര്‍ഡിലെ പ്രവര്‍ത്തനം, പെരുമാറ്റം സ്ഥാനാര്‍ത്ഥിയുടെ ജയാപരാജയങ്ങളെ ബാധിക്കും.

ചോരത്തിളപ്പുള്ള കാലം, മുന്നുംപിന്നും നോക്കാതെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയിട്ട് ആത്മാര്‍ത്ഥതയോടെ, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തനം നടത്തി ഒടുവില്‍ ജീവിത സായാഹ്നത്തില്‍ ഒന്നിനുമാകാതെ- മരുന്നുവാങ്ങാന്‍പോലും നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിച്ചാല്‍ അതൊരനുഗ്രഹം തന്നെയായിരിക്കും. പക്ഷേ,  എംഎല്‍എ മാരോഎംപിമാരോ ആരുംതന്നെ അതിനായി ശബ്ദിക്കുന്നില്ലയെന്നത് വിചിത്രംതന്നെ.

പെന്‍ഷനുവേണ്ടി  മുന്‍ മെമ്പര്‍മാര്‍ രാഷ്ട്രീയംമറന്ന് സംഘടിച്ചു. കേരളമല്ലേ, സംഘടന ഒന്നുപോരല്ലോ? ഒന്നുരണ്ടെണ്ണമെങ്കിലുമില്ലാതെയെങ്ങനെ. ഒന്നില്‍ക്കൂടുതല്‍ സംഘടനകളുണ്ടിപ്പോള്‍. സംഘടനകള്‍ എത്രയായാലും ലക്ഷ്യം ഒന്ന്-പെന്‍ഷന്‍ വേണം. 

ഇത്തരം സംഘടനകളുടെ ഉദ്ഘാടനം, വാര്‍ഷികം, അനുസ്മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് നിലവിലെ മന്ത്രിമാരെയാകും വിളിക്കുക. അവര്‍ വന്ന് പെന്‍ഷന്റെ ആവശ്യകത ഊന്നിപ്പറയും. പെന്‍ഷന്‍ നല്‍കേണ്ടതാണെന്നും നല്‍കുമെന്നും മോഹനവാഗ്ദാനം നല്‍കും. പിന്നെ പെന്‍ഷന്റെ ആവശ്യകതയെപ്പറ്റി പഠിക്കാമെന്നും പറയും. ഇതുവരെ പെന്‍ഷന്‍ ലഭിച്ചില്ലെന്നത് യാഥാര്‍ഥ്യം. പഠനം ശരിയാകാതെ എങ്ങനെ പെന്‍ഷന്‍ നല്‍കും.

എംഎല്‍എ ആയിരുന്നെങ്കില്‍ അന്‍പതിനായിരത്തിന്റെ കണ്ണാടി വാങ്ങാമായിരുന്നു. മന്ത്രിയായെങ്കില്‍ തോര്‍ത്തെങ്കിലും വാങ്ങാമായിരുന്നൂ. അരോഗദൃഢഗാത്രനായാലും ചികിത്സയ്ക്ക് പതിനഞ്ചു ലക്ഷം സംഘടിപ്പിക്കാമല്ലോ. നല്ല ശമ്പളം വാങ്ങാം മരിച്ചാല്‍; ഭാര്യക്ക് പെന്‍ഷനും കിട്ടുമല്ലോ. ഇപ്പോഴാകട്ടെ മന്ത്രിമാര്‍ക്കും എംഎല്‍എ മാര്‍ക്കും ശമ്പളവും കൂട്ടാന്‍പോകുന്നു 

പഞ്ചായത്ത് അംഗമായിരിക്കെ കിട്ടിയ ചെറിയ ശമ്പളം ഒന്നിനും തികഞ്ഞിരുന്നില്ല. 1995 നു മുമ്പ് ശമ്പളം ഉണ്ടായിരുന്നില്ല.സിറ്റിങ് ഫീ മാത്രമാണ് ഉണ്ടായിരുന്നത്.തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നിട്ട് മന്ത്രിമാരുടെ സ്റ്റാഫില്‍ കയറിക്കൂടാനായ ഭാഗ്യവാന്മാര്‍ക്കും പെന്‍ഷന്‍ കിട്ടുന്നു.ഈ സാഹചര്യത്തില്‍ മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുവാന്‍ പഠനം വേണമെന്നത് വിചിത്രം തന്നെ.  

എംഎല്‍എ, എംപി, മന്ത്രി തുടങ്ങിയവര്‍ക്ക് വാരിക്കോരി കൊടുക്കുമ്പോള്‍ പാവം മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ചെറിയ പെന്‍ഷന്‍  നിഷേധിക്കുന്നത് നീതിക്കു നിരക്കാത്തതാണ്.

എന്‍.കെ. ശ്രീകുമാര്‍, 

ബിജെപി  തിരുവനന്തപുരം  ജില്ലാ കമ്മിറ്റി അംഗം, മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത്, പാറശാല

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.