ആര്‍ക്കും തീറെഴുതാത്ത ചെങ്ങന്നൂര്‍

Saturday 17 March 2018 2:42 am IST
"undefined"

ആര്‍ക്കും പിടികൊടുക്കാത്ത മനസ്സാണ് എന്നും ചെങ്ങന്നൂരിലെ വോട്ടര്‍മാരുടേത്, ഒരു മുന്നണിയോടും പ്രത്യേക പ്രതിപത്തിയോ സ്ഥിരമായ ചായ്‌വോ ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലില്ല. മൂന്ന് മുന്നണിയും ഇവിടെ തുല്യശക്തികളാണ്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമമില്ല, അവര്‍ പോരാട്ട വീഥിയിലിറങ്ങിക്കഴിഞ്ഞു.

 ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് കോട്ട തകര്‍ത്ത ചരിത്രം ആവര്‍ത്തിക്കാന്‍ എന്‍ഡിഎയും, സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും, മണ്ഡലം തിരിച്ചു പിടിക്കാന്‍ യുഡിഎഫും അരയും തലയും മുറുക്കുമ്പോള്‍ മീനച്ചൂടിനെയും വെല്ലുന്ന പോരാട്ടച്ചൂടാണ് ചെങ്ങന്നൂരിലേത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനമായ ശുദ്ധജലം പോലും എത്തിക്കാന്‍ സാധിക്കാതെ വികസനം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളുമായി ജനങ്ങളിലേക്കെത്തുന്ന എന്‍ഡിഎയെ നേരിടാന്‍ ഇരുമുന്നണികളും വിയര്‍ക്കുന്നു. പതിവ് ആക്ഷേപങ്ങളും ചെപ്പടി വിദ്യകളുമാണ് ഇത്തവണയും ഇരുപക്ഷവും പയറ്റുന്നത്. 

 മണ്ഡലത്തില്‍ ചുവടുറപ്പിച്ച ആത്മവിശ്വാസത്തിലും, കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനോപകാരപ്രദ പദ്ധതികളും, ചെങ്ങന്നൂരിന്റെ വികസനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും ജനങ്ങളിലേക്ക് എത്തിച്ചുമാണ് ഇത്തവണ ബിജെപി നിയമസഭാ തെരഞ്ഞടുപ്പിനെ നേരിടുന്നത്. വളരെ നേരത്തെ തന്നെ ബിജെപി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. മണ്ഡലം-ബൂത്ത് കമ്മിറ്റികള്‍ സജീവമായി രംഗത്തുണ്ട്. ചുവരെഴുത്തുകളും ആരംഭിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി ഏവരും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയാണ് എന്‍ഡിഎയ്ക്കായി വീണ്ടും ജനവിധി തേടുന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഇടതിനായും, കെപിസിസി നിര്‍വാഹക സമിതി അംഗം ഡി. വിജയകുമാര്‍ യുഡിഎഫിനായും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. 

കെ.കെ. രാമചന്ദ്രന്‍ നായരുടെ അപ്രതീക്ഷിത മരണത്തോടെയാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥിന്റെ ഹാട്രിക് വിജയം തടഞ്ഞാണ് 2016-ല്‍ സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായര്‍ (52,880 വോട്ട്) വിജയിച്ചത്. വിഷ്ണുനാഥിന് 44,897 വോട്ടും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് 42,682 വോട്ടും ലഭിച്ചു. സാമുദായിക വോട്ടുബാങ്കുകളില്‍ ഇടതും വലതും ലക്ഷ്യമിടുമ്പോള്‍ ജാതിമത വേലിക്കെട്ടുകള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തകരുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. 

    67 ശതമാനം വരുന്ന ഹിന്ദു വോട്ടര്‍മാരില്‍ 30 ശതമാനത്തോളം നായര്‍ സമുദായമാണ്. 20 ശതമാനം ഈഴവ വിഭാഗത്തില്‍പ്പെട്ടവരും 10 ശതമാനം പട്ടികവിഭാഗക്കാരുമാണ്. ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ്മാ വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. ഹൈന്ദവരുടെ വോട്ടുകള്‍ വിഭജിച്ചു പോകുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച് വിജയമുറപ്പിക്കാമെന്നാണ് ഇടതു പക്ഷത്തിന്റെ കണക്കുകൂട്ടല്‍. പാര്‍ട്ടിയിലെയും മുന്നണിയിലെയും അസംതൃപ്തിയാണ് സജിചെറിയാനു തലവേദനയാകുന്നത്. വിഎസ് പക്ഷക്കാരനായ കെ.കെ. രാമചന്ദ്രന്‍ നായരുടെ ഒഴിവില്‍ ആ വിഭാഗത്തില്‍പ്പെട്ട പ്രമുഖരെ ഒഴിവാക്കിയാണ് സജിചെറിയാന്‍ സ്ഥാനാര്‍ത്ഥിയായത്. കൂടാതെ കെ.കെ. രാമചന്ദ്രന്‍ നായര്‍ ദീര്‍ഘകാലം പാര്‍ട്ടിയില്‍ അവഗണനയും ഒറ്റപ്പെടലും നേരിട്ടത് ചര്‍ച്ചയാകുന്നതും സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രതികൂലമായി ബാധിക്കുന്നു. 

  പലവട്ടം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചശേഷം ഒഴിവാക്കപ്പെട്ട വിജയകുമാറിന് ഇത്തവണ തുണയായത് മുന്‍ എംഎല്‍എ പി.സി. വിഷ്ണുനാഥിന്റെ പിന്‍മാറ്റമാണ്. പതിവായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ തുണയ്ക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഐ ഗ്രൂപ്പില്‍ നിന്ന് മറുകണ്ടം ചാടി എ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ സ്ഥാനാര്‍ത്ഥിയായ വിജയകുമാറിന് മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള ഐ വിഭാഗത്തിന്റെ പിന്തുണ കിട്ടുമോയെന്ന് കണ്ടറിയണം.

  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകള്‍ ഏഴിരട്ടി വര്‍ദ്ധിപ്പിച്ച ശ്രീധരന്‍പിള്ള ഇത്തവണ ഉറച്ച വിജയപ്രതീക്ഷയിലാണ്. പരമ്പരാഗത വോട്ടുകള്‍ മാത്രമല്ല, കഴിഞ്ഞ തവണ തെറ്റിദ്ധരിക്കപ്പെട്ട മതന്യൂനപക്ഷ വിഭാഗങ്ങളും എന്‍ഡിഎയ്ക്ക് അനുകൂലമായി ഇത്തവണ വിധിയെഴുതുമെന്ന് അദ്ദേഹം പറയുന്നു. യുവവോട്ടര്‍മാരും മാറി ചിന്തിക്കുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ കഴിഞ്ഞിരുന്ന ചെങ്ങന്നൂരില്‍ വികസനം ഉണ്ടായത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ തീര്‍ത്ഥാടക സ്റ്റേഷനായി അംഗീകരിച്ചത് കേന്ദ്ര സര്‍ക്കാര്‍ മണ്ഡലത്തിന് നല്‍കിയ സംഭാവനയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 20 ശതമാനം വോട്ടും എല്‍ഡിഎഫിന്റെ ആറ് ശതമാനം വോട്ടും ബിജെപിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. അതിനാലാണ് എന്‍ഡിഎ വോട്ട് വിഹിതം 30 ശതമാനമായി ഉയര്‍ത്താനായത്. ഇത്തവണ ജനപിന്തുണ ഏറിയിട്ടുണ്ട്. അതുകൊണ്ട് വിജയം സുനിശ്ചിതമാണെന്നും ശ്രീധരന്‍പിള്ള പറയുന്നു.

ഇതുവരെയുള്ള 13 തെരഞ്ഞെടുപ്പുകളില്‍ എട്ടുവട്ടം യുഡിഎഫ് ജയിച്ചപ്പോള്‍ അഞ്ചുവട്ടം എല്‍ഡിഎഫ് കൊടി നാട്ടി. കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേതെന്ന കാര്യത്തില്‍ മൂന്ന് മുന്നണികള്‍ക്കും ഒരേ അഭിപ്രായമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.