ഡോ.ആര്‍.കെ. ഷേണായി അന്തരിച്ചു

Saturday 17 March 2018 2:28 am IST
"undefined"

ആലപ്പുഴ: ജനകീയ ഡോക്ടറും വലിയ ശിഷ്യസമ്പത്തിന് ഉടമയുമായ മുല്ലയ്ക്കല്‍ വാര്‍ഡില്‍ വൃന്ദാവനത്തില്‍ ഡോ. ആര്‍. കൃഷ്ണഷേണായി (ആര്‍.കെ. ഷേണായി 79) അന്തരിച്ചു. ഭാര്യ: പ്രമീളാഭായി. മക്കള്‍: ഡോ. അനിത ഹെഗ്‌ഡെ, ഡോ. കെ. സുധീഷ് ഷേണായി (യുകെ). മരുമക്കള്‍: ഡോ. കെ.പി. ഹെഗ്‌ഡെ (സഹൃദയ ആശുപത്രി, ആലപ്പുഴ), ഡോ. രാജശ്രീ. സംസ്‌കാരം ജിഎസ്ബി രുദ്രവിലാസം ശ്മശാനത്തില്‍ നടന്നു.

 ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തുടക്കം മുതല്‍ ഫിസിഷ്യനായി പ്രവര്‍ത്തിച്ച ഡോ. ഷേണായി പ്രൊഫസര്‍, മെഡിസിന്‍ തലവന്‍, സൂപ്രണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള മന്തുരോഗ ഗവേഷണ കേന്ദ്രത്തിന്റെ തലവനായിരുന്നു അദ്ദേഹം. ഐഎംഎ പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

  അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഇന്ത്യ കേരള ചാപ്റ്റര്‍ അച്ചീവ്‌മെന്റ് അവാര്‍ഡ്, കെ.പി. നായര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, ഐഎംഎ അവാര്‍ഡ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

  മന്തുരോഗം നിയന്ത്രണ വിധേയമാക്കാന്‍ പങ്കുവഹിച്ചവരില്‍ പ്രധാനിയായിരുന്നു ഡോ. ഷേണായി. തുടര്‍ച്ചയായി പ്രതിരോധ മരുന്നു നല്‍കിയാല്‍ മന്തുരോഗം ഇല്ലാതാക്കാമെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് തുടര്‍ച്ചയായി സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ തീരുമാനമായത്. ഇത് ഫലംകാണുകയും ചെയ്തു. പെന്‍ഷന്‍ പറ്റിയശേഷം ഒരുരൂപ പ്രതിഫലത്തിലായിരുന്നു അദ്ദേഹം ഇതിനായി പ്രവര്‍ത്തിച്ചത്.

  എറണാകുളം ചിറ്റൂര്‍ പെണ്ടിക്കാര്‍സ് കുടുംബത്തിലെ അംഗമാണ്. 32 വര്‍ഷം അദ്ധ്യാപകനായി ചികിത്സാരംഗത്ത് സേവനം അനുഷ്ഠിച്ചു. 26 അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ടായി ഇരുന്നപ്പോഴാണ് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

  തിരുമല ദേവസ്വത്തിന്റെ കീഴില്‍ ടിഡി മെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ 1965ല്‍ ഡോ. ഷേണായിയുടെ നേതൃത്വത്തിലാണ് പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ആലപ്പുഴയിലെത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.