കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കലിനു പിന്നില്‍ കളിമണ്‍ ഖനനവും മിനിടൗണ്‍ഷിപ്പും: സിപിഎം കളളക്കളി വെളിച്ചത്തു വരുന്നു

Friday 16 March 2018 10:29 pm IST

 

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ ദേശീയപാത ബൈപ്പാസിനായി നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെ അനുകൂലിക്കുന്ന സിപിഎം നിലപാടിന് പിന്നിലെ കളളക്കളി പുറത്തു വരുന്നു. വയല്‍ ഏറ്റെടുത്ത് റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതോടെ വന്‍ സാമ്പത്തിക ഇടപാടും ലാഭവുമാണ് പാര്‍ട്ടിക്കും ചില സ്വകാര്യ മുതലാളിമാര്‍ക്കും ഉണ്ടാകാന്‍ പോകുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന.

 45 മീറ്റര്‍ നീളത്തില്‍ ഏറ്റെടുക്കുന്ന വയലില്‍ നിന്നും 4 മീറ്ററോളം ആഴത്തില്‍ കളിമണ്‍ കുഴിച്ചെടുക്കാന്‍ ഒരു ഓട് നിര്‍മ്മാണ കമ്പനിയുമായി സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് ധാരണയിലെത്തിയതായാണ് സൂചന. മാത്രമല്ല ഇതോടൊപ്പം കളിമണ്‍ കുഴിച്ചെടുത്ത കുഴിയുള്‍പ്പെടെ പുതുതായി നിര്‍മ്മിക്കുന്ന ദേശീയപാത മണ്ണിട്ട് ഉയര്‍ത്താന്‍ മറ്റൊരു സ്വകാര്യ വ്യക്തിയുമായി ധാരണയായതായും അറിയുന്നു. കീഴാറ്റൂര്‍ വയലിന് സമീപമുളള 56 ഏക്കറോളം വരുന്ന സ്വകാര്യ വ്യക്തിയുടെ കുന്നിന്‍ പ്രദേശം ഇടിച്ചു നിരത്തി റോഡ് ഉയര്‍ത്താനാണ് പദ്ധതിയെന്നും അറിയുന്നു. തുടര്‍ന്ന് മണ്ണ് നീക്കിയ സ്ഥലത്ത് മിനിടൗണ്‍ഷിപ്പ് ആരംഭിക്കാനും തത്വത്തില്‍ ഭരണ-പാര്‍ട്ടി തലത്തില്‍ ധാരണയായതായും അറിയുന്നു. ദേശീയപാത നിര്‍മ്മിക്കുന്നതിനായി കുന്നിടിക്കുന്നതിന് പരിസ്ഥിതി നിയമങ്ങള്‍ തടസ്സമാകില്ലെന്നതിനാല്‍ വളരെ തന്ത്ര പൂര്‍വ്വമാണ് നീക്കങ്ങളെന്നാണ് സൂചന. ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ കോടികണക്കിന് രൂപയുടെ ഇടപാടുകള്‍ ഉറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

 ഇത്തരത്തില്‍ വയല്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങിയതോടെ വയല്‍ ഏറ്റെടുക്കലിനെതിരെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്കെതിരെ നിലകൊളളുന്ന സിപിഎം നിലപാട് സജീവ ചര്‍ച്ചയായി കഴിഞ്ഞു. വികസനം മറയാക്കി കര്‍ഷകരെ വഴിയാധാരമാക്കി സാമ്പത്തിക നേട്ടമാണ് സിപിഎമ്മിന്റെ എതിര്‍പ്പിന് പിന്നിലെന്ന് തെളിയുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.