കവര്‍ച്ചക്കെത്തിയ ബ്ലാക്ക്മാനേ പിടിക്കാനായി പോലീസ് രംഗത്ത്

Friday 16 March 2018 10:30 pm IST

 

കണ്ണൂര്‍: കണ്ണൂരില്‍ കവര്‍ച്ചക്കായെത്തിയ രാജപ്പന്‍ എന്ന ബ്ലാക്ക്മാനേയും സംഘത്തെയും പിടികുടാനായി പോലീസ് ഊര്‍ജ്ജിത നടപടികള്‍ തുടങ്ങി. തലശ്ശേരി, ധര്‍മ്മടം, മുഴപ്പിലങ്ങാട്, എടക്കാട് ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ കവര്‍ച്ച നടത്തി ജനങ്ങളെ ഭീതിയിലാക്കിയ ബ്ലാക്ക് മാന്‍ എന്നറിയപ്പെടുന്ന മോഷ്ടാവ് വീണ്ടും കണ്ണൂര്‍ ഭാഗങ്ങളിലെത്തിയതായുള്ള സൂചനയെ തുടര്‍ന്നാണ് പോലീസ് മോഷ്ടാവിനെ പിടികൂടാനായി രംഗത്തിറങ്ങിയിട്ടുള്ളത്. ഇയാള്‍ വീണ്ടും ഇതേ പ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങുന്നതായാണ് പോലീസിന് ലഭിച്ച വിവരം. കണ്ണൂര്‍, വയനാട് കോഴിക്കോട് ജില്ലകളില്‍ 25ലേറെ കേസുകളില്‍ പ്രതിയായ രാജപ്പന്റെ നേതൃത്വത്തില്‍ പത്തുപേരടങ്ങുന്ന കവര്‍ച്ചാസംഘമാണ് പ്രവര്‍ത്തിക്കുന്നത്. 

ഷര്‍ട്ടും മുണ്ടും ഊരി അരയില്‍ക്കെട്ടിയശേഷം അടിവസ്ത്രം മാത്രം ധരിച്ചാണ് രാജപ്പന്‍ മോഷണത്തിനായി എത്തുക. രാത്രികാലങ്ങളില്‍ ഈ വേഷത്തില്‍ സഞ്ചരിച്ച് ജനങ്ങളില്‍ ഭീതിപരത്തിയശേഷേമാണ് മോണം നടത്താറ്. 2008ല്‍ പട്ടാപ്പകല്‍ ഇയാളെ പോലീസ് സിനിമാസ്റ്റൈലില്‍ പിടികൂടിയിരുന്നു. ഈ കേസില്‍ 24 വര്‍ഷം കഠിനതടവിനാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്. തുടര്‍ന്ന് ഹൈക്കോടതി നല്‍കിയ അപ്പീലില്‍ ശിക്ഷ 7 വര്‍ഷമായി കുറക്കുകയായിരുന്നു. 2013ല്‍ ജയിലില്‍നിന്നിറങ്ങിയ രാജപ്പന്‍ വയനാട് മേഖലയില്‍ മോഷണം നടത്തിവരികയായിരുന്നു. വയനാട്ടില്‍നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച ഇയാളെ മൂന്ന് വര്‍ഷം തടവിന് കോടതി ശിക്ഷിക്കുകയും തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയുമായിരുന്നു. നവംബര്‍ പതിനഞ്ചിനാണ് ഇയാള്‍ പുറത്തിറങ്ങിയത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.