മുഖ്യമന്ത്രി പിണറായി ഉദ്യോഗാര്‍ഥികളുടെ ചിറകരിഞ്ഞ യുവജന വഞ്ചകന്‍: അഡ്വ. പ്രകാശ് ബാബു

Friday 16 March 2018 10:30 pm IST

 

കണ്ണൂര്‍: ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നത്തിന്റെ ചിറകരിഞ്ഞ യുവജനവഞ്ചകന്‍ എന്നായിരിക്കും മുഖ്യമന്ത്രി പിണറായി വിജയന് ചരിത്രം നല്‍കുന്ന സ്ഥാനമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: പ്രകാശ് ബാബു പറഞ്ഞു. കെഎസ്ആര്‍ടിസി തസ്തികയില്‍ പിഎസ്‌സി അഡൈ്വസ് മെമ്മോ അയച്ച 4051 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുക, പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ നിയമനം ഒരുവശത്ത് അട്ടിമറിക്കുമ്പോള്‍ ബന്ധുനിയമനവും പിന്‍വാതില്‍ നിയമനവും എല്ലാവകുപ്പുകളിലും നിര്‍ബാധം തുടരുകയാണ്. മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന വകുപ്പുകളിലടക്കം മന്ത്രിമാരും പാര്‍ട്ടി നേതാക്കന്‍മാരും പിന്‍വാതില്‍ നിയമനത്തിനായി നേതൃത്വം കൊടുക്കുമ്പോള്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാന്‍ ആവില്ല. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് നിയമന നിരോധനം പ്രാവര്‍ത്തികമാക്കുന്ന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് തസ്തികളും സോഷ്യല്‍ മീഡിയ ടീമും സൃഷ്ടിക്കുന്നത് അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണ് കെഎസ്ആര്‍ടിസിയില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെ ശക്തമായ സമരത്തിന് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും ഈ മാസം 21 ന് കെ എസ് ആര്‍ ടി സി എംഡിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും മാര്‍ച്ച് മാസം അവസാനം സെക്രട്ടേറിയറ്റിന് മുന്നില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധ സംഗമത്തിന് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റടക്കം നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.സി.രതീഷ്, കെ.സി.ജിയേഷ്, അജേഷ് നടുവനാട്, സി.എം.ജിതേഷ്, കെ.ഉദേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.