കിരീടപ്പോര്

Saturday 17 March 2018 2:33 am IST
"undefined"

ബംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതാദ്യമായി അരങ്ങേറിയ സുനില്‍ ഛേത്രിയുടെ ബംഗളൂരു എഫ്‌സിക്ക് കിരീടം കൈയെത്തും ദൂരത്ത്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ മെരുക്കിയാല്‍ ഛേത്രിക്ക് ഐഎസ്എല്‍ കിരീടം തലയിലേറ്റാം. കപ്പിനായുള്ള ബംഗളൂരു-  ചെന്നെയിന്‍ അയല്‍പ്പോര് ശ്രീകണ്ഠീരവ സറ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ടിന് ആരംഭിക്കും.

ലീഗില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഓരോ ടീമും ഓരോ വിജയങ്ങള്‍ നേടി. കലാശപ്പോരാട്ടത്തില്‍ കപ്പടിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. പോയിന്റ് നിലയില്‍ മുന്നിലെത്തിയാണ് ബംഗളൂരു പ്ലേ ഓഫിന് യോഗ്യത നേടിയത്്. പതിനെട്ട്  മത്സരങ്ങളില്‍ അവര്‍ക്ക് നാല്‍പ്പത് പോയിന്റ് ലഭിച്ചു.

അതേസമയം , ചെന്നൈയിന്‍ പതിനെട്ട് മത്സരങ്ങളില്‍ 32 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്്. സെമിയില്‍ പൂനെയെ മുക്കിയാണ് ബംഗളൂരു കപ്പിന്റെ കളിക്ക് യോഗ്യരായത്. ചെന്നെയിന്‍ സെമിയില്‍ കരുത്തരായ എഫ് സി ഗോവയെ മറികടന്നു.

സ്വന്തം തട്ടകത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നത് ബംഗളൂരുവിന്റെ കിരീട പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. ഈ സീസണില്‍ മികച്ച പ്രകടനം നടത്തിവരുന്ന ടീമാണവര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വെനീസ്വലന്‍ സ്‌ട്രൈക്കര്‍ മിക്കുവും നയിക്കുന്ന മുന്നേറ്റ നിര അതിശക്തം.ഐ എസ് എല്ലില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഛേത്രി പതിമൂന്നും മിക്കും പതിനാലും ഗോളുകള്‍ നേടിയിട്ടുണ്ട്. കലാശക്കളിയിലും ബംഗളൂരുവിന്റെ തുറുപ്പുചീട്ടുകളാണിവര്‍.

എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നതാണ് ബംഗളൂരുവിന്റെ മധ്യനിര. ഡിമാസ് ഡെല്‍ഗാഡോ, എറിക്ക് പാര്‍ട്ടാലു, ലെന്നി റോഡ്രിഗ്‌സ്, ഉദാന്ത സിങ്, ബോയ്താങ് എന്നിവരാണ് മധ്യനിരക്ക് നേതൃത്വം നല്‍കുന്നത്. വിങ്ങുകളിലൂടെ മുന്നേറുന്ന ഉദാന്തിനെയും ബോയ്താങ്ങിനെയും തടയാനായാല്‍ ചെന്നൈയിന്‍ എഫ് സിക്ക് ആതിഥേയരെ പിടിച്ചുനിര്‍ത്താനായേക്കും.

കളിമെനയാന്‍ കരുത്തുള്ള റെനെ മിഹെലിക്കും ജെയ്മി ഗാവിലിനുമാണ് ചെന്നൈയിന്റെ കരുത്ത്്. ഇവര്‍ക്കൊപ്പം ജെജെ ലാല്‍പെഖുലയും ചേരുന്നതോടെ ഏത് ടീമിനെയും വീഴ്ത്താന്‍ അവര്‍ക്ക് കഴിയും.

അതിശക്തമാണ് ചെന്നൈയിന്റെ പ്രതിരോധം. ഏളുപ്പത്തില്‍ തകര്‍ക്കാനാകില്ല. ഹെന്റിക്ക്  സെറീനോ, മാലിസണ്‍ അല്‍വസ്, ജെറി ലാല്‍റിന്‍സുല, ഇനിഗോ മാര്‍ട്ടിനസ് എന്നിവരാണ് അവരുടെ പ്രതിരോധം കാക്കുന്നത്്.

തുടക്കത്തില്‍ നിറംമങ്ങിപ്പോയ ജെജെ ലാല്‍പെഖുല ഗോളടിച്ചു തുടങ്ങിയത്് ചെന്നൈയിന്റെ പ്രതീക്ഷയുയര്‍ത്തുന്നു. ജെജെയുടെ ഇരട്ട ഗോളാണ് എഫ് സി ഗോവക്കെതിരായ സെമിയില്‍ ചെന്നൈയിന് വിജയമൊരുക്കിയത്. ഇതുവരെ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്. ജെജെ ഗോളടി തുടര്‍ന്നാല്‍ കപ്പ് ചെന്നൈയിന്റെ കൈപ്പിടിയിലൊതുങ്ങും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.