സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് റിമാന്റില്‍

Friday 16 March 2018 10:35 pm IST

 

കണ്ണൂര്‍: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴുപേരില്‍ നിന്നായി പത്തരലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ചെറുവത്തൂര്‍ സ്വദേശി വായിക്കോട് മുഴക്കോം താളൂര്‍ വീട്ടില്‍ ബൈജു(31) വിനെയാണ് എറണാകുളത്തെ ലോഡ്ജില്‍ വെച്ച് കഴിഞ്ഞ ദിവസം കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് സൈന്യത്തില്‍ ജോലി ചെയ്തയാളാണെന്നാണ് ബൈജു പോലീസിന് നല്‍കിയ മൊഴി. ഇത് പോലീസ് പരിശോധിച്ചു വരികയാണ്. 

 പിലാത്തറ ചുമടുതാങ്ങിയിലെ ശ്രീദത്ത്, ശ്രീരാഗ്, പിണറായിയിലെ വിഘ്‌നേഷ്, രാഖില്‍, സ്‌നേഹ, ധര്‍മ്മടത്തെ അനില, ചമ്പാട്ടെ അക്ഷയ എന്നിവരില്‍ നിന്നാണ് പണം തട്ടിയത്. അനിലയുടെ മകള്‍ക്ക് സിഐഎസ് എഫില്‍ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് പണം തട്ടിയത്. പിടിയിലായ ബൈജു മറ്റിടങ്ങളിലും പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ജനുവരി 10ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏറെ ശ്രമത്തിന് ശേഷമാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. വികാസ്, പ്രിന്‍സ്, കാര്‍ത്തിക് എന്നീ പേരുകളില്‍ സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പുരുഷന്മാര്‍ക്ക് കരസേനയിലും വനിതകള്‍ക്ക് സിഐഎസ്എഫിലും ജോലി വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ഇരകളെ വീഴ്ത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍പേരില്‍ നിന്നും തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പത്ത് വര്‍ഷത്തോളം സൈന്യത്തില്‍ ജോലി ചെയ്തിരുന്ന ബൈജു വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടാളത്തില്‍ നിന്നും ചാടിപ്പോവുകയായിരുന്നുവെന്നും ഈ ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.