ഫാറൂഖ് കോളേജിലെ ഹോളി ആഘോഷ വിലക്ക് അദ്ധ്യാപകര്‍ക്കെതിരെ കേസ്

Saturday 17 March 2018 2:50 am IST
"undefined"

കോഴിക്കോട്: ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ അദ്ധ്യാപകരും അനദ്ധ്യാപകരും മര്‍ദ്ദിച്ച സംഭവത്തില്‍ ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ഇന്നലെ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു. അച്ചടക്ക നടപടി സ്വീകരിക്കരുതെന്നും വിദ്യാര്‍ത്ഥികളെ അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

തുടര്‍ന്ന് സ്റ്റാഫ് കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍ എന്നിവ ചേര്‍ന്നെങ്കിലും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഗെയ്റ്റുകള്‍ അടച്ചുപൂട്ടി പ്രതിഷേധം ശക്തമാക്കി. അദ്ധ്യാപകര്‍ക്കും മറ്റും പുറത്തിറങ്ങാന്‍ കഴിയാതായതാടെ നല്ലളം സിഐ സജീവ്, ഫറോക്ക് എസ്‌ഐ ബിജേഷ് എന്നിവര്‍ സ്ഥലത്തെത്തി പ്രിന്‍സിപ്പാളും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. 

വിദ്യാര്‍ത്ഥികള്‍ക്കുനേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചു. കമ്മിറ്റിയില്‍ ഒരു വിദ്യാര്‍ത്ഥി പ്രതിനിധിയെയും രക്ഷാകര്‍ത്തൃ പ്രതിനിധിയെയും ഉള്‍പ്പെടുത്താനും ധാരണയായി. തിങ്കളാഴ്ച സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കും. റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപക ജീവനക്കാര്‍ക്കുമെതിരെ ഫറോക്ക് പോലീസ് കേസെടുത്തു. ഐപിസി 143, 147, 341, 323, 324, 506, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോളേജിലെ അനധ്യാപക ജീവനക്കാരന്‍ ഇബ്രാഹിംകുട്ടി, അധ്യാപകരായ നിഷാദ്, ഷാജിര്‍, യൂനസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തത്. 

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഫഹ്മി അബ്ദുള്ളയുടെ പരാതിപ്രകാരമാണ് ഈ കേസ്. എന്നാല്‍ കോളേജ് മാനേജ്‌മെന്റ്‌നല്‍കിയ പരാതിപ്രകാരം ജീവനക്കാരനായ ഇബ്രാഹിംകുട്ടിയെ വാഹനം കൊണ്ടിടിച്ച കേസില്‍ കാറോടിച്ച വിദ്യാര്‍ത്ഥിക്കെതിരെ ഐപിസി 279, 337 എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്. കോളേജ് കാന്റീനില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കിയ കോളേജ് അധികൃതരുടെ നടപടി കഴിഞ്ഞവര്‍ഷം വന്‍ വിവാദമായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.