അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെ വെള്ളപൂശി കളക്ടറുടെ റിപ്പോര്‍ട്ട്

Saturday 17 March 2018 3:56 am IST
"undefined"

കോഴിക്കോട്: ഇടത് എംഎല്‍എ പി.വി. അന്‍വര്‍  കക്കാടംപൊയിലില്‍ നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിലെ നിയമ ലംഘനം കെട്ടിട നിര്‍മ്മാണത്തില്‍ മാത്രമെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ചട്ടവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അടിയന്തരമായി പൊളിച്ചുമാറ്റണമെന്നും  റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മറ്റു നിയമലംഘനങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍.   വിവിധ ഉദ്യോഗസ്ഥരുടെ സമതിയാണ് കളക്ടര്‍ക്കുവേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ ഒരോ വകുപ്പ് ഉദ്യോഗസ്ഥരും അവരുടെ നിഗമനങ്ങളും ചേര്‍ത്തിട്ടുണ്ട്. 

അംഗീകൃത പ്ലാനില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളാണ് പൊളിച്ചുമാറ്റേണ്ടത്.  നിയമാനുസൃതം പാര്‍ക്കിനാവശ്യമായ അന്തിമ നിരാക്ഷേപ സാക്ഷ്യപത്രം ഹാജരാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

 എന്നാല്‍  അന്‍വറിന്റെ കൈയേറ്റങ്ങളെ വെള്ളപൂശുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍. പിവിആര്‍ നാച്ചുറല്‍ പാര്‍ക്ക് കയ്യേറ്റ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

വിജ്ഞാപനം ചെയ്യപ്പെട്ട വനഭൂമിയുടെ പുറത്താണ് വാട്ടര്‍ തീം പാര്‍ക്ക്. ഇത്  വന്യ ജീവികള്‍ക്ക് ദോഷകരമല്ലെന്ന് ബോധ്യപ്പെട്ടതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ കുറിച്ചിട്ടുണ്ട്.   ഭൂമിയുടെ സ്വാഭാവികത  മാറ്റാതെയാണ് റൈഡുകള്‍ ഉണ്ടാക്കിയതെന്നും പാര്‍ക്കിന്റെ നിര്‍മ്മാണം പ്രകൃതിയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമല്ലെന്നും ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യ വകുപ്പ്  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും മുക്കം സിഎച്ച്‌സി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്വയം പരിശോധിച്ച് നിബന്ധന തൃപ്തികരമായി പൂര്‍ത്തീകരിച്ചെന്ന് കണ്ടെത്തിയതായി  ജില്ലാ മെഡിക്കല്‍ ഓഫീസറും  വ്യക്തമാക്കുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.