സിഡ്‌കോ നിയമനം ഹൈക്കോടതി റദ്ദാക്കി

Saturday 17 March 2018 2:45 am IST

കൊച്ചി: സിഡ്‌കോയിലെ അണ്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ഗ്രേഡ് നാലിലേക്ക് 2014 ല്‍ നടത്തിയ സെലക്ഷനും നിയമനവും ഹൈക്കോടതി റദ്ദാക്കി. 146 ഒഴിവുകളിലേക്കുള്ള നിയമനമാണ് സിംഗിള്‍ബെഞ്ച് റദ്ദാക്കിയത്. നിയമന നടപടികളില്‍ അപാകമുണ്ടെന്നാരോപിച്ച് കോഴിക്കോട് സ്വദേശി സികെ സുകേഷ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് വിധി. 

പരീക്ഷക്ക് 75 മാര്‍ക്കും ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയ്ക്ക് 75 മാര്‍ക്കുമാണ് നിശ്ചയിച്ചത്. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്ക് അഭിമുഖത്തിലും ഗ്രൂപ്പ് ചര്‍ച്ചയിലും മാര്‍ക്ക് കുറച്ചെന്നും കുറഞ്ഞ മാര്‍ക്ക് വാങ്ങിയവര്‍ക്ക് അഭിമുഖത്തിലും ഗ്രൂപ്പ് ചര്‍ച്ചയിലും കൂടുതല്‍ മാര്‍ക്ക് നല്‍കിയെന്നുമാണ് ഹര്‍ജിയിലെ ആരോപണം. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുള്ളവരെ ഇങ്ങനെയൊഴിവാക്കി കുറഞ്ഞ മാര്‍ക്ക് കിട്ടിയവരെ നിയമിച്ചെന്നും ആരോപണമുണ്ട്. നിയമനത്തിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു. നിയമനത്തിനുള്ള നോട്ടിഫിക്കേഷനില്‍ ഗ്രൂപ്പ് ഡിസ്‌കഷനോ അഭിമുഖമോ പറയുന്നില്ല. ആ നിലയ്ക്ക് സെലക്ഷന്‍ കമ്മിറ്റിയുടെ നടപടികള്‍ നിയമവിരുദ്ധമാണെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയമന നടപടികള്‍ സിഡ്‌കോ പുനഃരാരംഭിക്കണമെന്നും ഇന്റര്‍വ്യൂ 

ഉണ്ടെങ്കില്‍ മൊത്തം മാര്‍ക്കിന്റെ 12.2 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ ഇതിനായി നീക്കിവെക്കരുതെന്നും വിധിയില്‍ പറയുന്നു. നിയമനത്തിന് സംവരണ നിയമങ്ങളടക്കം പാലിച്ച് മൂന്നു മാസത്തിനുള്ളില്‍ ലിസ്റ്റ് അന്തിമമാക്കി നിയമനം നടത്തണമെന്നും അതുവരെ ഇപ്പോള്‍ നിയമനം ലഭിച്ചവര്‍ക്ക് തുടരാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.