കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷ നീക്കം

Saturday 17 March 2018 3:18 am IST
"undefined"

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, സിപിഎം എന്നിവയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത നീക്കവുമായി ഇറങ്ങി. കേന്ദ്രത്തിന്റെ പ്രഭയും പ്രവര്‍ത്തനവും കാരണം തങ്ങള്‍ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് പുറത്താകുകയാണെന്ന് മനസിലാക്കിയാണ് അങ്ങേയറ്റം വിരുദ്ധ നയങ്ങളും സമീപനങ്ങളും ഉള്ള പാര്‍ട്ടികള്‍ വരെ യോജിച്ചിരിക്കുന്നത്. 

ഇതോടെ ഒരു വശത്ത് രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്ന ബിജെപിയും മറുവശത്ത് കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷിയാകാന്‍ ഒരുങ്ങുന്ന സിപിഎമ്മും മറ്റു പാര്‍ട്ടികളും എന്നതായി അവസ്ഥ. 

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഏച്ചുകെട്ടലാണ് ഇവരുടെ ലക്ഷ്യം. ഇതിനു മുന്നോടിയായി ഇന്നലെ കേന്ദ്രത്തിനെതിരെ അവിശ്വാസം അവതരിപ്പിക്കാന്‍ ഇവര്‍ നീക്കവും നടത്തി. അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന ടിഡിപി ഇന്നലെ എന്‍ഡിഎ വിട്ടു. അവരും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത്. 

ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് അവിശ്വാസത്തിന് ശ്രമിച്ചത്. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മറ്റു പ്രതിപക്ഷ കക്ഷികളും പ്രമേയത്തെ പിന്തുണയ്ക്കുന്നതായും അറിയിച്ചു. ലോക്‌സഭയില്‍ ഇവര്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം പരിഗണനക്കെടുത്തില്ല. പ്രതിപക്ഷ ബഹളം തുടര്‍ന്നാല്‍ അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യില്ലെന്നാണ് സ്പീക്കറുടെ നിലപാട്. സഭ ഇനി തിങ്കളാഴ്ച ചേരും. രാജ്യസഭ ആദ്യം ഉച്ചക്ക് രണ്ടര വരെയും പിന്നീട് ഇന്നലത്തേക്കും പിരിഞ്ഞു. 

തുടര്‍ച്ചയായ പത്താം ദിവസമാണ് പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുന്നത്. കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

തിങ്കളാഴ്ച പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ടിഡിപി സ്പീക്കര്‍ക്ക് കത്തുനല്‍കി. നേരത്തെ മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നിവരെ കേന്ദ്ര മന്ത്രിസഭയില്‍നിന്നും ടിഡിപി പിന്‍വലിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇന്നലെ രാവിലെ വിളിച്ചുചേര്‍ത്ത പോളിറ്റ് ബ്യൂറോ യോഗത്തിലാണ് എന്‍ഡിഎ വിടാന്‍ തീരുമാനിച്ചത്.

ടിഡിപിയുടെ പിന്മാറ്റം സര്‍ക്കാരിന് ഭീഷണിയല്ല. 16 എംപിമാരാണ് ടിഡിപിക്കുള്ളത്. 274 അംഗങ്ങള്‍ ലോക്‌സഭയില്‍ ബിജെപിക്കുണ്ട്. എന്‍ഡിഎക്ക് 314 അംഗങ്ങളും. അവിശ്വാസ പ്രമേയവും സര്‍ക്കാരിന് ഭീഷണിയല്ല. 2014ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി എന്‍ഡിഎ വിടുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയ ടിഡിപിയുടെ പുറത്തുപോകല്‍ അനിവാര്യമായിരുന്നുവെന്ന് ബിജെപി വക്താവ് ജി.വി. എല്‍. നരസിംഹറാവു പറഞ്ഞു. ഭരണ പരാജയം മറച്ചുവെക്കാന്‍ പാര്‍ട്ടി നുണ പറയുകയാണെന്ന് ആന്ധ്രയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംസ്ഥാനത്ത് ബിജെപിക്ക് വളരാനുള്ള അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.