കശ്മീരിനെ സംരക്ഷിക്കാന്‍ അതിര്‍ത്തി കടക്കാനും ഇന്ത്യ മടിക്കില്ല

Saturday 17 March 2018 3:12 pm IST
ഒരിക്കലും പാക്കിസ്ഥാനുമായി കലുഷിതമായൊരു ബന്ധമല്ല ഇന്ത്യ ആഗ്രഹിക്കുന്നത്. 'സുഹൃത്തുക്കള്‍ മാറിയേക്കാം, അയല്‍ക്കാര്‍ക്കു മാറ്റമില്ല' എന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ വാചകം ഉദ്ധരിച്ചാണു പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് സൂചിപ്പിച്ചത്.
"undefined"

ന്യൂദല്‍ഹി : കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് സംരക്ഷിക്കാന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ മടിക്കില്ലന്നും ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. കശ്മീര്‍ എന്നും ഇന്ത്യയുടേതായിരുന്നു, ഇപ്പോഴും ഇന്ത്യയുടേതാണ്, എന്നും ഇന്ത്യയുടേതായിരിക്കുകയും ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. 

ലോകത്തില്‍ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്നും പിടിച്ചെടുക്കാന്‍ സാധിക്കില്ല. കശ്മീരിലെ ഓരോ മണ്ണും ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും രാജ്‌നാഥ് സിംഗ് പ്രസ്താവിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ലോക രാഷ്ട്രങ്ങളെ ഇന്ത്യയ്ക്കൊപ്പം അണി നിരത്താനും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ കുറ്റപ്പെടുത്താനുള്ള ധൈര്യം ലോകരാജ്യങ്ങള്‍ക്ക് ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. 

ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക പോലും ഇപ്പോള്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്താന്‍ തയ്യാറായെങ്കില്‍ അതിനു പിന്നില്‍ മോദിയുടെ ശ്രമങ്ങളാണെന്നും ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുക്കവെ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒരിക്കലും പാക്കിസ്ഥാനുമായി കലുഷിതമായൊരു ബന്ധമല്ല ഇന്ത്യ ആഗ്രഹിക്കുന്നത്. 'സുഹൃത്തുക്കള്‍ മാറിയേക്കാം, അയല്‍ക്കാര്‍ക്കു മാറ്റമില്ല' എന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ വാചകം ഉദ്ധരിച്ചാണ് പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് സൂചിപ്പിച്ചത്.

ഐക്യരാഷ്ട്ര സഭ ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയ ഹാഫിസ് സയീദിനെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചിരിക്കുന്ന പാക്കിസ്ഥാന്റെ നടപടിയ്ക്കെതിരെയും രാജ്‌നാഥ് സിംഗ് ശബ്ദമുയര്‍ത്തി. ആയിരക്കണക്കിന് നിരപരാധികളെ കൊലപ്പെടുത്തിയ തീവ്രവാദികളെ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ അനുവദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.