മന്ത്രിമാരില്ല; ആശുപത്രി ഉദ്ഘാടനം വൈകുന്നു

Sunday 18 March 2018 1:30 am IST


എടത്വാ: ആശുപത്രി നിര്‍മിക്കാന്‍ വ്യക്തി സ്ഥലം ദാനം നല്‍കിയിട്ടും ഉദ്ഘാടനത്തിന് മന്ത്രിമാരില്ല. വീയപുരം പഞ്ചായത്തില്‍ ഉദ്ഘാടനവും കാത്തു രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍. നിര്‍മാണം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ട ആയൂര്‍വേദ, അലോപ്പതി ആശുപത്രികളുടെ ഉദ്ഘാടനമാണു മന്ത്രിമാരില്ലാത്തതിനാല്‍ വൈകുന്നത്.
  കഴിഞ്ഞ നവംബറില്‍ രണ്ട് ആശുപത്രികളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. പതിറ്റാണ്ടുകളായി വീയപുരം എന്‍എസ്എസ് കെട്ടിടത്തില്‍ വാടകയ്ക്കു പ്രവര്‍ത്തിച്ചിരുന്ന ആയൂര്‍വേദ ആശുപത്രി നിര്‍മ്മിക്കാന്‍ വീയപുരം ഇല്ലിക്കുളത്ത് വീട്ടില്‍ ജയശ്രീ മധുകുമാര്‍ കാരിച്ചാല്‍ സെന്റ് മേരീസ് പള്ളിക്കു സമീപം ആഞ്ചു സെന്റ് സ്ഥലം ഗ്രാമപഞ്ചായത്തിന് സൗജന്യമായി നല്‍കിയിരുന്നു.
  ഈ വസ്തുവിലാണ് 46 ലക്ഷം രൂപ ചിലവഴിച്ച് ആയൂര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലോകബാങ്കിന്റെ ധനസഹായം ഉപയോഗിച്ചാണ് ആശുപത്രിക്കെട്ടിടം നിര്‍മിച്ചത്. ആയൂര്‍വേദ ആശുപത്രിക്കു പുറമേ കാരിച്ചാല്‍ സെന്റ് ജോര്‍ജ് പള്ളിയുടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും സ്വന്തമായി സ്ഥലം ലഭിച്ചു.
  പായിപ്പാട് വെളിയം ജങ്ഷനു സമീപം ഇരുപതു സെന്റ് സ്ഥലം ഗ്രാമപഞ്ചായത്ത് വിലയ്ക്കു വാങ്ങിയാണു കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗീത ബാബു പ്രസിഡന്റ് ആയിരിക്കെയാണു സ്ഥലം വാങ്ങിയത്.
  പുതിയ കെട്ടിടം നിര്‍മിച്ചപ്പോള്‍ പിന്നീട് ഇരുനിലക്കെട്ടിടം ആക്കാവുന്ന തരത്തിലാണു നിര്‍മിച്ചത്. പുതിയതായി നിര്‍മിച്ച കെട്ടിടത്തില്‍ കിടത്തിച്ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം.
  ആശുപത്രികള്‍ യാതാര്‍ഥ്യമാകുന്നതോടെ കാരിച്ചാല്‍, പായിപ്പാട്, ചെറുതന, വെള്ളംകുളങ്ങര, ആനാരി, ആയാപറമ്ബ്, പാണ്ടി, വള്ളക്കാലില്‍, പുത്തന്‍തുരുത്ത്, പോച്ച, വീയപുരം, തേവേരി, ഇരവുതോട് പ്രദേശത്തെ നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസ കേന്ദ്രമായി മാറും. ആശുപത്രിയുടെ നിര്‍മാണം പൂത്തിയായിട്ടും തുറന്നു കൊടുക്കാത്തതില്‍ ജനങ്ങള്‍ക്കു കടുത്ത അമര്‍ഷമാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.