കൊറ്റംകുളങ്ങര ഭദ്രകാളീക്ഷേത്രം ധ്വജസ്തംഭ തൈലാധിവാസം നാളെ

Sunday 18 March 2018 1:57 am IST


ആലപ്പുഴ: കൊറ്റംകുളങ്ങര ഭദ്രകാളീ ക്ഷേത്രത്തിലെ ധ്വജസ്തംഭത്തിന്റെ തൈലാധിവാസം 19ന് നടക്കും. രാവിലെ 9നാണ് ചടങ്ങ്. ഇതിനായുള്ള അരയന്നത്തോണി ഒരുങ്ങിക്കഴിഞ്ഞതായി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആര്‍. ബാലകൃഷ്ണന്‍, സെക്രട്ടറി എ. വാസുദേവ കുറുപ്പ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 32ല്‍പരം പച്ചമരുന്നുകള്‍ ചേര്‍ത്ത എള്ളെണ്ണയില്‍ പ്രത്യേകംതയ്യാറാക്കിയ ഔഷധ എണ്ണയാണ് തോണിയില്‍ ഒഴുക്കുന്നത്. ഏകദേശം പത്തു മാസത്തോളം ധ്വജസ്തംഭം എണ്ണത്തോണിയില്‍ അധിവസിക്കും. തൊടുപുഴ സ്വദേശി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔഷധ എണ്ണ തയ്യാറാക്കിയത്. അന്നേദിവസം രാവിലെ 9 ന് പൊതുസമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും.
 ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കര്‍ദാസ്മുഖ്യപ്രഭാഷണം നടത്തും. ഭീമ ആന്‍ഡ് ബ്രദര്‍ മാനേജിങ് ഡയറക്ടര്‍ ബി. ലക്ഷ്മീകാന്തന്‍ തൈലാധിവസത്തിനുള്ള തൈലം നിറച്ച ആദ്യകുംഭം എണ്ണത്തോണിയിലേക്ക് പകരും. തന്ത്രി കുര്യാറ്റുപുറത്തില്ലത്ത് കെ.ഇ. നാരായണന്‍ ഭട്ടതിരി കാര്‍മ്മികത്വം വഹിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ വാസ്തുശില്പി എം.കെ. രാജുവിന്റെ നേതൃത്വത്തിലാണ് ധ്വജസ്തംഭനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
 ചെമ്പുപറകളാണ് ധ്വജസ്തംഭത്തിന് ഉപയോഗിക്കുന്നത്. 45ലക്ഷം രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ദേവസ്വം ബോര്‍ഡ് 5.38ലക്ഷം രൂപ മാത്രമാണ് നല്‍കുന്നത്. എം.എസ്. സാജു, എസ്. ഗോപിക്കുട്ടന്‍ നായര്‍, കെ.എ. വിജയകുമാര്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.