ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; സ്‌ക്കൂളിനെതിരെ നടപടിവേണം

Sunday 18 March 2018 1:03 am IST


പട്ടണക്കാട്: ഫിറ്റ്‌നെസ് സര്‍ട്ടിഫിഫിക്കറ്റില്ലാതെ സ്വകാര്യ സ്‌കൂള്‍. നടപടിയെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പട്ടണക്കാട് സെന്റ് ജോസ്ഫ്‌സ് പബ്ലിക് സ്‌കൂളിനെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഡിഇഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.
 പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്ന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാത്ത പക്ഷം 2018-19 ല്‍ സ്‌കൂളിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവരം പുറത്തുകൊണ്ടു വന്നത് ജന്മഭൂമിയാണ്.
 ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന സ്‌കൂളില്‍ ആറായിരത്തോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. റോഡിന് അഭിമുഖമായുള്ള കെട്ടിടമാണ് 2007 മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കേണ്ട എന്‍ഓസിയും ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അനുമതിയും സ്‌കൂളിന് ലഭിച്ചിട്ടില്ല.
 കളവംകോടം സ്വദേശി വിവരാവകാശ പ്രകാരം നേടിയ രേഖളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ സ്‌കൂളിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ രണ്ടുവര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചെങ്കിലും ഫലം ഉണ്ടായില്ല.
 സ്‌കൂള്‍ കെട്ടിടത്തിന് സമീപത്തുകൂടിയാണ് 11,000 കെവി വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. ഇതിനെതിരെയും സ്‌കൂള്‍ അധികൃഡതര്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ നാട്ടുകാരില്‍ ചിലര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസ് തുടരുകയാണ്. തുടര്‍ന്ന് വയലാര്‍ സ്വദേശി ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.