നിഷയുടെ പുസ്തകത്തിലെ പരാമര്‍ശം: ഷോണ്‍ ജോര്‍ജ് ഡിജിപിക്ക് പരാതി നല്‍കി

Sunday 18 March 2018 3:20 am IST

കോട്ടയം: 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശം ആരെക്കുറിച്ചാണെന്ന് നിഷ ജോസ്.കെ. മാണി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എയുടെ മകനും കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷോണ്‍ ജോര്‍ജ് സംസ്ഥാന പോലീസ് മേധാവിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. 

ട്രെയിനില്‍ വച്ച് കോട്ടയത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പുസ്തകത്തിലെ പരാമര്‍ശം. പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന യുവാവ് താനാണെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വളരെ വ്യാപകമായ പ്രചാരണം നടക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കും തന്റെ അച്ഛനും പൊതുജനങ്ങളുടെ ഇടയിലുള്ള അംഗീകാരവും ആദരവും ഇടിച്ചു താഴ്ത്തണമെന്നു ഉദ്ദേശ്യത്തോടെയാണ് പുസ്തകം സംബന്ധിച്ചു വന്ന വാര്‍ത്തയിലെ സൂചനകളെന്ന് ഷോണ്‍ പരാതിയില്‍ പറയുന്നു. 

നിഷയോടൊപ്പം തിരുവനന്തപുരത്തു നിന്ന് ട്രെയിനില്‍ യാത്ര ചെയ്യുകയോ അപമാനിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. പുസ്തകത്തിന്റെ വില്പന വര്‍ധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ പരാമര്‍ശം നിരപരാധിയായ തനിക്ക് പൊതുജന മധ്യത്തില്‍ അപകീര്‍ത്തിയും അപമാനവും ഉണ്ടാക്കാനിടയാക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 500, 501, 502 വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമായ പ്രവൃത്തിയാണിത്. അതിനാല്‍ നിഷക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഷോണ്‍ വ്യക്തമാക്കുന്നു. 

പരാമര്‍ശത്തെക്കുറിച്ച് അന്വേഷിച്ച് നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരണം. സമൂഹമധ്യത്തില്‍ തന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണ നീക്കി കുറ്റക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണം. സോഷ്യല്‍ മീഡിയയില്‍ തന്നെ അപമാനിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ഷോണ്‍ ആവശ്യപ്പെട്ടു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പേരു വച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പകര്‍പ്പും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.