കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കല്‍: സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്

Sunday 18 March 2018 3:40 am IST

കണ്ണൂര്‍: ദേശീയ പാത ബൈപ്പാസ് നിര്‍മ്മിക്കാന്‍  കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്.  പരിഷത്തിന്റെ പരിസ്ഥിതി പഠന റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ വിമര്‍ശനം ്. ഭൂമിയേറ്റെടുക്കലിനെതിരെ ആദ്യ ഘട്ടത്തില്‍ പരിഷത്ത് രംഗത്ത് വന്നിരുന്നുവെങ്കിലും സിപിഎം നേതൃത്വം കണ്ണൂരുട്ടിയതിനെ തുടര്‍ന്ന് അന്ന് പിന്‍ വാങ്ങിയിരുന്നു.  സിപിഎമ്മിന് പരിഷത്തിന്റെ പുതിയ നിലപാട് തിരിച്ചടിയാണ്.

 വയല്‍ നികത്തി  ദേശീയപാത നിര്‍മ്മിക്കുന്നത് വന്‍ പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്നും അതിനാല്‍ സര്‍ക്കാരും സിപിഎമ്മും പിന്മാറണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുളള ദേശീയപാത വികസിപ്പിച്ച് മേല്‍പ്പാലം നിര്‍മ്മിച്ച് പരിസ്ഥിതി നാശം ഒഴിവാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍. സമീപ സ്ഥലങ്ങളേക്കാള്‍ ഏറെ താഴ്ന്ന് കിടക്കുന്ന ഈ വയലില്‍ കൂടി റോഡ് പണിയാന്‍ ചുരുങ്ങിയത് മൂന്നരമീറ്റര്‍ എങ്കിലും മണ്ണിട്ട് ഉയര്‍ത്തേണ്ടി വരും. ആറ്  കിലോ മീറ്റര്‍ റോഡില്‍ നാലര കിലോ മീറ്ററും  മണ്ണിട്ടുയര്‍ത്തേണ്ടുന്ന പ്രദേശമാണ്. 45 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത്രയും വീതിയില്‍ മണ്ണിടാന്‍ 1,30,000 ലോഡ് മണ്ണിടേണ്ടി വരുമെന്നും ഇത് എവിടെ നിന്ന് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ഇതിനായി കുന്നിടിക്കേണ്ടി വരുമ്പോഴുളള പാരിസ്ഥിതിക ആഘാതം മുന്‍കൂട്ടി കാണണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടില്‍പ്പെട്ടുഴലുന്ന സംസ്ഥാനത്തിന് ഇത്തരം റോഡ് നിര്‍മ്മാണത്തിനുളള ചിലവ് എങ്ങനെ താങ്ങാനാവുമെന്ന് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വികസന കാര്യത്തില്‍ ജനപക്ഷ രാഷ്ട്രീയം വേണമെന്ന് പറയുന്ന റിപ്പോര്‍ട്ട്  സിപിഎം നേതൃത്വത്തിന്റെ കീഴാറ്റൂര്‍ വിഷയത്തിലെ ജന വിരുദ്ധ നിലപാടിനെ വിമര്‍ശിക്കുന്നുണ്ട്. ജനാഭിപ്രായത്തിന് പരിഗണന നല്‍കണം. ഇവിടെ ഏറ്റെടുക്കേണ്ടി വരുന്ന ഭൂരിഭാഗം സ്ഥലവും നെല്‍പ്പാടമോ തണ്ണീര്‍ത്തടമോ ആണ്. സ്ഥലം ഏറ്റെടുക്കുന്നതോടെ കീഴാറ്റൂര്‍-കൂവോട് ഭാഗത്തെ വയലുകള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

നിലവിലുളള ഹൈവേ വീതികൂട്ടി ദേശീയപാത വികസനം സാധ്യമാക്കണമെന്നും പരിഷത്ത് വ്യക്തമാക്കുന്നു.  ദേശീയപാത യാഥാര്‍ത്ഥ്യമായാല്‍ പ്രദേശം രണ്ടായി വിഭജിക്കപ്പെടും.  റിയല്‍-എസ്റ്റേറ്റ് ഭൂമാഫിയകള്‍ പ്രദേശം കൈക്കലാക്കും, ഇതോടെ നാടിന്റെ സാംസ്‌ക്കാരികാന്തരീക്ഷം നഷ്ടപ്പെടും. പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട് സിപിഎമ്മിനുളളിലും പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലെ സമരക്കാരെ എതിര്‍ക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍ക്കിടയിലും ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.