ഭൂമി വില്‍പ്പനയില്‍ രൂക്ഷ വിമര്‍ശനം; പാസ്റ്ററല്‍ കൗണ്‍സിലില്‍ കര്‍ദ്ദിനാളിന് തിരിച്ചടി

Sunday 18 March 2018 3:45 am IST

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് വിവാദത്തില്‍പ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഭൂമി ഇടപാട് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന പുരോഹിതന്‍ ഫാ. പോള്‍ തേലക്കാട്ട് പ്രമേയം അവതരിപ്പിച്ചു. ഇടപാടില്‍ കര്‍ദിനാളും സഭാ നേതൃത്വവും ജാഗ്രത കാണിച്ചില്ലെന്നായിരുന്നു വിമര്‍ശനം.

ഭൂമി വില്‍പ്പന സംബന്ധിച്ചകാര്യങ്ങള്‍ അടുത്ത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാനായി മാറ്റി. ഏപ്രില്‍ അവസാനത്തോടെയാകും അടുത്ത കൗണ്‍സില്‍. കര്‍ദ്ദിനാളിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്ത് വിവാദമാക്കേണ്ടെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് അടുത്ത പാസ്റ്ററല്‍ കൗണ്‍സിലിലേക്ക്  പ്രമേയം മാറ്റിയതെന്നാണ് വിവരം.

ഭൂമിവില്‍പ്പനയ്ക്കുശേഷം നടന്ന ആദ്യ പാസ്റ്ററല്‍ കൗണ്‍സിലായിരുന്നു ഇന്നലത്തേത്. പുരോഹിതരുടെയും വിശ്വാസികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണിത്.  ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് കര്‍ദ്ദിനാളിന് അതിരൂപതയിലെ വിശ്വാസികള്‍ക്കിടയിലും പുരോഹിതര്‍ക്കിടയിലും മതിപ്പ് കുറഞ്ഞുവരികയാണെന്നും  കൗണ്‍സിലില്‍ നിന്ന് വ്യക്തമായി. പാസ്റ്ററല്‍ കൗണ്‍സിലിലെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ കര്‍ദിനാളിനെ എതിര്‍ക്കുന്നവരാണ് വിജയം നേടിയതെന്നാണ് ഒരു വിഭാഗം പുരോഹിതര്‍ പറയുന്നത്. പി.പി.ജെറാര്‍ദിനെയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മിനി പോളാണ് ജോയിന്റ് സെക്രട്ടറി. എന്നാല്‍, തങ്ങള്‍ ഒരു ചേരിയിലുംപെട്ട ആളല്ലെന്ന് ജെരാര്‍ദ്ദ് വ്യക്തമാക്കി. 

പുരോഹിത സമിതി നേതാക്കളും പതിനാറ് ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികളും അടക്കം 198 പേരാണ് പുരോഹിത കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്. പുരോഹിത സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കണ്‍വീനര്‍ ഫാ. ബെന്നി മാരാം പറമ്പില്‍ കൗണ്‍സിലിനെ ബോധിപ്പിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമ്പത്തിക സ്ഥിതിവിവരണ കണക്ക് പ്രൊക്യുറേറ്റര്‍ സെബാസ്റ്റ്യന്‍ മാണിക്കത്താനും അവതരിപ്പിച്ചു. മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്താണ് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തത്. 

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

കൊച്ചി: സീറോ മലബാര്‍ സഭയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം. കെസിവൈഎം പ്രവര്‍ത്തകരാണ് മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കലൂര്‍ റിന്യുവല്‍ സെന്ററിലായിരുന്നു സംഭവം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.