നഴ്‌സുമാരുടെ ശമ്പളം 30,000 രൂപയാക്കണമെന്ന് ബിജെപി

Sunday 18 March 2018 3:50 am IST

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ ശമ്പള വര്‍ദ്ധന നടപ്പിലാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളിലെ താല്‍കാലിക നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് ബിജെപി ഡോക്‌ടേഴ്‌സ് സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. പി. ബിജു പ്രസ്താവിച്ചു. 

സഹകരണ മേഖലയിലെ ആശുപത്രികള്‍ ഒരെണ്ണം പോലും പകുതിയിലധികം ജീവനക്കാര്‍ക്കും ഇപ്പോള്‍ മിനിമം വേതനം നല്‍കുന്നില്ല. സര്‍ക്കാര്‍ ഇപ്പോള്‍ പുതുക്കി നിശ്ചയിക്കാന്‍ പോകുന്ന സ്വകാര്യ ആശുപത്രികളിലെ ശമ്പള വര്‍ധന സഹകരണ ആശുപത്രികള്‍ക്കും കൂടി ബാധകമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സര്‍ക്കാര്‍- സഹകരണ ആശുപത്രികളിലെ നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് മിനിമം വേതനമായി 30,000 രൂപയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ബിജെപി ഡോക്‌ടേഴ്‌സ് സെല്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 60 ശതമാനത്തിലധികം താല്‍കാലിക ജീവനക്കാരെയാണ് നഴ്‌സിങ്-  പാരമെഡിക്കല്‍ വിഭാഗത്തില്‍  എച്ച്ഡിസി ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ വഴി നിയമിച്ചിരിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന ശമ്പളം 10,000 രൂപ മുതല്‍ 12,000 രൂപ വരെയാണ്.

കേരളത്തിലെ സ്വകാര്യ ആശുപത്രി- ലാബ് മേഖലയിലെ ജീവനക്കാരുടെ ശമ്പള വര്‍ധന നടപ്പാക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് ഡോ. ബിജു പറഞ്ഞു. പക്ഷേ കേരളത്തിലെ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ ഇപ്പോഴും കരാര്‍ അടിസ്ഥാനത്തില്‍ 12,000 രൂപയില്‍ താഴെയാണ് നഴ്‌സുമാരുടെ വേതനം, അതിലും താഴെയാണ് മറ്റ് ജീവനക്കാരുടെയും ശമ്പളം. തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ്. പല സര്‍ക്കാര്‍ ആശുപത്രികളിലും 30 കിടക്കകള്‍ക്ക് ഒരു നഴ്‌സ് എന്ന അനുപാതമാണ് കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ളത്. ഇത് മൂലം രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കാന്‍ നഴ്‌സുമാര്‍ക്ക് സാധിക്കുന്നില്ലന്നും ബിജു പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.