അമൃത ദേശീയ ടീമില്‍ ജന്മനാടിന് അഭിമാന മുഹൂര്‍ത്തം

Sunday 18 March 2018 2:00 am IST

 

ചേര്‍ത്തല: ജന്മനാടിന് അഭിമാന മുഹൂര്‍ത്തം. തകര്‍പ്പന്‍ സ്മാഷിലൂടെ അമൃത ഇടം നേടിയത് ദേശീയ ടീമില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കുറുപ്പംകുളങ്ങര പ്രിയത്തില്‍ സുരേഷ്‌കുമാറിന്റേയും പ്രിയയുടേയും മകളായ അമൃതയാണ് വോളിബോളിലൂടെ ഭാരതത്തിന്റെ കുപ്പായമണിയുന്നത്. 

  ജില്ലയില്‍ നിന്ന് ആദ്യമായാണ് ഒരു താരം 17  വയസിന് താഴെയുള്ളവരുടെ ദേശീയ ടീമിലിടം പിടിക്കുന്നത്. മെയ് 20 മുതല്‍ 27 വരെ തായ്‌ലന്‍ഡില്‍ നടക്കുന്ന 12-ാമത് ഏഷ്യന്‍ വുമന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഭാരതത്തിനു വേണ്ടി അമൃത കളിക്കളത്തിലിറങ്ങുന്നത്. 

  ത്രസിപ്പിക്കുന്ന ഷോട്ടുകളും പഴുതടച്ച പ്രതിരോധവുമാണ് കൊച്ചു മിടുക്കിക്ക് ടീമിലിടം നേടിക്കൊടുത്തത്. ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ അമൃത അഞ്ചാം ക്ലാസ് മുതലാണ് വോളിബോള്‍ പരിശീലിച്ചുതുടങ്ങിയത്. ഗുരു ടി.സി. ഗോപിയാണ് ചിട്ടയായ പരിശീലനത്തിലൂടെ അമൃതയിലെ മികച്ച താരത്തെ കണ്ടെത്തിയത്. 

  നിലവില്‍ ആലപ്പുഴ ജില്ലാ വോളിബോള്‍ ടീം ക്യാപ്റ്റനാണ്. നാല് തവണ കേരളത്തിന് വേണ്ടി കുപ്പായമണിഞ്ഞിട്ടുണ്ട്. പഠനത്തിലും മകവ് പുലര്‍ത്തുന്ന അമൃത എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. 

  ഈ മാസം 26 ന് പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി അമൃത പഞ്ചാബിലെ പഠ്യാലയിലേക്ക് പോകും. ബിഎ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി അഭിരാമി സഹോദരിയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.