ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ പുറത്താക്കി; റഷ്യയുടെ തിരിച്ചടി

Sunday 18 March 2018 3:55 am IST

മോസ്‌കോ: ബ്രിട്ടനില്‍ അഭയം തേടിയ റഷ്യയുടെ മുന്‍ ചാരപ്രവര്‍ത്തകനെ റഷ്യ വധിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടയ്ക്ക് രൂപപ്പെട്ട സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുന്നു. ബ്രിട്ടന്റെ ഇരുപത്തിമൂന്നു നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി. 

കഴിഞ്ഞയാഴ്ച റഷ്യയുടെ 23 ഉദ്യോഗസ്ഥരെ പുറത്താക്കിയതിനുള്ള തിരിച്ചടിയാണിത്, മോസ്‌കോയിലെ ബ്രിട്ടിഷ് അംബാസിഡറെ വിളിച്ചുവരുത്തി റഷ്യന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കിമിടയ്ക്കുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താന്‍ കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടിഷ് കൗണ്‍സില്‍ അടച്ചു പൂട്ടാനും റഷ്യ തീരുമാനിച്ചു. 

ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചു എന്നു റഷ്യ കണ്ടെത്തിയ സെര്‍ജി സ്‌ക്രിപാലിന്‍ (66) എന്ന മുന്‍ ചാരനേയും മകള്‍ യുലിയയേയും (33) കൊല്ലാന്‍ ഈ മാസം നാലിന് ബ്രിട്ടനിലെ സോള്‍സ്ബറിയില്‍ വച്ചാണ് ശ്രമം നടന്നത്. എണ്‍പതുകളില്‍ സോവ്യറ്റ് സൈന്യം വികസിപ്പിച്ച നോവിച്ചോക് എന്ന രാസവാതകം ഉപയോഗിച്ചാണ് ഇവരെ വധിക്കാന്‍ ശ്രമിച്ചത്. ഇതു കണ്ടെത്തിയതോടെയാണ് റഷ്യക്കെതിരെ കടുത്ത വിമര്‍ശനവുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തു വന്നത്. 

സംഭവത്തെ ബ്രിട്ടനെതിരായ റഷ്യയുടെ യുദ്ധപ്രഖ്യാപനമായണ് കാണുന്നതെന്ന് പാര്‍ലമെന്റില്‍ തെരേസ പ്രസ്താവിച്ചു. കടുത്ത നടപടി വേണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോട് അവശ്യപ്പെട്ടു.

എന്നാല്‍ എല്ലാം ബ്രിട്ടന്റെ തോന്നല്‍ മാത്രമാണെന്ന തരത്തില്‍ ലാഘവത്തോടയാണ് റഷ്യ പ്രതികരിച്ചത്. ഇതെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച റഷ്യന്‍ തയതന്ത്രഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കിയത്. അതിന് അതേ നാണയത്തില്‍ റഷ്യ തിരിച്ചടി നല്‍കിയതോടെ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത അകലുകയാണ്. പ്രകോപനപരമായ നിലപാട് ബ്രിട്ടന്‍ തുടര്‍ന്നാല്‍ സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റും അടച്ചുപൂട്ടുമെന്ന് റഷ്യ ഭീഷണിപ്പെടുത്തി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.