തദ്ദേശ നിർമ്മിത സെമി ഹൈസ്പീഡ് ട്രെയിൻ വരുന്നു

Sunday 18 March 2018 4:05 am IST

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശനിര്‍മ്മിത സെമി ഹൈസ്പീഡ് ട്രെയിന്‍ ജൂണ്‍മുതല്‍ സര്‍വീസ് നടത്തും. മണിക്കൂറില്‍ 160 കീ.മീയാണ് വേഗം. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായി ലോക്കോമോട്ടീവിനു (എന്‍ജിന്‍) പകരം വൈദ്യുതി ഉപയോഗിച്ചായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.

പെട്ടന്ന് വേഗം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന രീതിയിലുള്ള ഹൈസ്പീഡ് ട്രെയിന്‍ പ്രീമിയം ശതാബ്ദി ട്രെയിനുകളൊന്നിനു പകരമായാണ് ആദ്യം സര്‍വീസ് നടത്തുക. അതിനാല്‍ യാത്രാസമയം ലാഭിക്കാന്‍ കഴിയും. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ട്രെയിനിന്റെ 16 കോച്ചുകള്‍ ചെയര്‍കാര്‍ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കോച്ചിന് ആറുകോടിയാണ് മുടക്കിയത്. കോച്ചുകള്‍ക്ക് യൂറോപ്യന്‍ ട്രെയിനുകളോട് സാമ്യമുണ്ടെങ്കിലും  അവയേക്കാള്‍ 40ശതമാനം ചെലവ് കുറവാണ്. 

ഇന്ത്യന്‍ റെയില്‍വേയുടെ പ്രധാന കോച്ച് ഫാക്ടറികളിലൊന്നായ ചെന്നൈയിലെ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) യിലാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. പദ്ധതി വിജയമായാല്‍ എല്ലാ ശതാബ്ദി സര്‍വീസുകള്‍ക്കും പകരം സെമി ഹൈസ്പീഡ് ട്രെയിനുകളാക്കി മാറ്റാണ് ശ്രമമെന്ന് ഐസിഏഫ് ജനറല്‍ മാനേജര്‍ സുധാംശു മണി പറഞ്ഞു.

പ്രധാനമന്ത്രിയുടെ മെയ്ക്ക്-ഇന്‍-ഇന്ത്യ പദ്ധതിക്കു കീഴില്‍ അതിവേഗ ട്രെയിനുകളുടെ നിര്‍മ്മാണത്തിലാണ് ഫാക്ടറി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം 1,100 എല്‍എച്ച്ബി കോച്ചുകളുള്‍പ്പെടെ 2500 കോച്ചുകള്‍ നിര്‍മ്മിച്ച് റെക്കോര്‍ഡിടാനാണ് ഐസിഎഫിന്റെ ശ്രമമെന്ന് സുധാംശു മണി പറഞ്ഞു. ജര്‍മ്മന്‍ കോച്ച് നിര്‍മ്മാണ കമ്പനിയായ ലിന്‍കെ-ഹോഫ്മാന്‍-ബച്ചിന്റെ പുതിയതലമുറ യാത്രാ കോച്ചുകളാണ് എല്‍എച്ച്ബി. കൂടാതെ ഭാരം കുറഞ്ഞ അലൂമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാനും ഐസിഎഫ് ലക്ഷ്യമിടുന്നുണ്ട്. വിജയകരമായാല്‍ 2020ഓടെ ഇത്തരം ട്രെയിനുകള്‍ സര്‍വീസ് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.