മദ്യനയത്തിനെതിരെ സഭകള്‍

Sunday 18 March 2018 4:50 am IST

തിരുവനന്തപുരം: ഇടതസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സഭകള്‍. സര്‍ക്കാരിന്റെ മദ്യനയം കേരള സമൂഹത്തിന്റെ മനസ്സില്‍ ആശങ്ക ഉളവാക്കുന്നുവെന്ന് മലങ്കര സഭാ മേലധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. മദ്യനയത്തിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വയം അപഹാസിതരായിത്തീരാന്‍ ശ്രമിക്കരുതെന്ന് ലത്തീന്‍ കത്തോലിക്കാ സഭ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. സൂസപാക്യം പറഞ്ഞു. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മദ്യനയം രൂപീകരിക്കുന്നത് എന്ന് വാദിക്കുമ്പോഴും മദ്യലഭ്യത ഒരു മൗലികവകാശം പോലെയാക്കുവാന്‍ ആരേയും കോടതി നിര്‍ബന്ധിക്കുന്നില്ലെന്ന്  മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മദ്യശാലകള്‍ തുറക്കുവാനുള്ള തീരുമാനം ആശങ്കാജനകമാണ്. ഇടതു മുന്നണി നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും പിന്നോട്ട് പോയി. ജനത്തെ ദുരിതത്തിലാഴ്ത്തുന്ന നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് മാര്‍ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.

 തെറ്റായ മദ്യനയത്തിന്റെ പേരില്‍ കേരള ജനതയെ തെരുവിലിറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ഡോ.സൂസപാക്യം മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് പുതിയതായി ഒരൊറ്റ മദ്യശാലകള്‍പോലും അനുവദിക്കില്ലെന്നും മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കുമെന്നും പ്രകടനപത്രികയിലൂടെ വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ മദ്യത്തിനും മദ്യലോബികള്‍ക്കും അടിമകളായിത്തീരുന്നതു കാണുമ്പോള്‍ ഏറെ വേദനയും പ്രതിഷേധവുമുണ്ട്. ഈ നിലതുടര്‍ന്നാല്‍ പണ്ട് അടച്ചുപൂട്ടിയ ചാരായഷാപ്പുകള്‍ കൂടി ഇടതുപക്ഷ സര്‍ക്കാര്‍ തുറക്കില്ലെന്ന് എങ്ങനെ പറയാനാവും? ഇടതുപക്ഷ സര്‍ക്കാര്‍ അതിന്റെ തെറ്റായ മദ്യനയത്തില്‍നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ വന്‍തിരിച്ചടി നേരിടേണ്ടിവരുമെന്ന് സൂസപാക്യം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.