ഹൈന്ദവ വര്‍ഗീയത ചര്‍ച്ച ചെയ്യാന്‍ എല്ലാവര്‍ക്കും താല്പ്പര്യം: ജോയ് മാത്യു

Sunday 18 March 2018 5:15 am IST

തൃശൂര്‍: വര്‍ഷത്തില്‍ എല്ലാ ദിവസവും കേരളത്തില്‍ സാഹിത്യകാരന്മാര്‍ക്ക് പുരസ്‌കാരം നല്‍കുന്നുണ്ടെന്നും  പുരസ്‌കാരത്തിനൊപ്പം ലഭിക്കുന്ന പണമാണ് ഇവര്‍ക്ക് പ്രധാനമെന്നും ചലച്ചിത്ര താരം ജോയ് മാത്യു. ജനാധിപത്യശക്തികളുടെ ഐക്യമാണ് ഫാസിസത്തിനുള്ള മറുപടി എന്ന പേരില്‍ തൃശൂര്‍ തെക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

തൊണ്ണൂറ്റിയമ്പത് ശതമാനം സാഹിത്യകാരന്മാരും അവാര്‍ഡുകളും പണവും പ്രതീക്ഷിച്ച് യഥാര്‍ത്ഥ ഫാസിസത്തിനെതിരെ പ്രതികരിക്കുന്നില്ല. അംഗീകാരം ലഭിക്കാന്‍ വേണ്ടിമാത്രം ഒരുഭാഗത്തെ എതിര്‍ത്ത് ഫാസിസം സംസാരിക്കും. ഹൈന്ദവ വര്‍ഗീയത മാത്രം ചര്‍ച്ച ചെയ്യാനാണ് എല്ലാവര്‍ക്കും താത്പര്യം. എന്നാല്‍, മൂവാറ്റുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈ വെട്ടിയ ഇസ്ലാമിക ഭീകരതയെ ആരും എതിര്‍ക്കുന്നില്ല. സമാധാനത്തിന്റെ വക്താക്കളെന്ന് പറയുന്ന ക്രൈസ്തവ വിഭാഗം വലിയ തരത്തിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.

ആശുപത്രികളും സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ച് അവിടെ എത്തുന്നവരെ കുഞ്ഞാടുകളാക്കി മാറ്റലാണ് നടക്കുന്നത്. ഇതൊന്നും എതിര്‍ക്കാന്‍ ഒരാളും തയാറാവുന്നില്ല. സാഹിത്യം കൊണ്ട് സമൂഹത്തില്‍ ഒരുമാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ശാസ്ത്രബോധം വളര്‍ന്നാല്‍ മാത്രമേ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ സാധിക്കൂയെന്നും അദ്ദേഹം പറഞ്ഞു. 

സംഗമത്തില്‍ അധ്യക്ഷയായിരുന്ന സാറ ജോസഫും ഉദ്ഘാടകനായ ചലച്ചിത്രതാരം പ്രകാശ് രാജും ഹൈന്ദവ വര്‍ഗീയത മാത്രം സംസാരിച്ചതിനുള്ള മറുപടിയെന്നോണമായിരുന്നു ജോയ് മാത്യുവിന്റെ പ്രസംഗം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.