മദ്യനയത്തിൽ അടിതെറ്റി സിപിഎം

Sunday 18 March 2018 6:35 am IST
"undefined"

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരിലുള്ള കള്ളക്കളി പിണറായി സര്‍ക്കാറിനെ വെട്ടിലാക്കി. ബാര്‍ മുതലാളിമാരേയും ബിഷപ്പുമാരേയും ഒരുപോലെ കബളിപ്പിച്ച തന്ത്രം തിരിച്ചടിക്കുന്നു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മദ്യനയം തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് സിപിഎം. 

പൂട്ടിയ ബാറുകളെല്ലാം തുറന്നുകൊടുക്കാം എന്ന് ബാര്‍ മുതലാളിമാര്‍ക്ക് ഉറപ്പു നല്‍കിയാണ് ഇടതു സര്‍ക്കാര്‍ അധികാരം പിടിച്ചത്. പക്ഷേ കൂടുതല്‍ സീറ്റുകിട്ടാന്‍ കാരണം ന്യൂനപക്ഷവോട്ടുകള്‍ കിട്ടിയതാണെന്ന വിലയിരുത്തല്‍ മുതലാളിമാര്‍ക്കു നല്‍കിയ വാക്ക് പാലിക്കുന്നതിന് തടസ്സമായി. 

ബാറുകളല്ല, സ്‌കൂളുകളാണ് തുറക്കാന്‍ പോകുന്നതെന്ന് ബിഷപ്പുമാര്‍ക്കും ഉറപ്പു കൊടുത്തു. സഭകളുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ മദ്യനയം പറയാതെ ഇതേവരെ ഒളിച്ചുകളിച്ചു. തുടര്‍ന്ന് ബാര്‍ ഉടമകള്‍ രംഗത്തുവന്നു. ബാര്‍ കോഴക്കേസ്സില്‍ സിപിഎം സെക്രട്ടറിയുമായി ഗൂഢാലോചന നടത്തിയതായി ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് പരസ്യമാക്കി. 

കോടതി ഉത്തരവിന്റെ മറപിടിച്ച്  ബാര്‍ മുതലാളിമാരില്‍ നിന്ന് കിട്ടിയ സഹായത്തിന് പ്രത്യുപകാരം ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുന്നത്. ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം സംസ്ഥാന സര്‍ക്കാരിനെടുക്കാമെന്നാണ് കോടതി പറഞ്ഞത്. 

സംസ്ഥാനത്ത് പതിനായിരം പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. വിനോദ സഞ്ചാര മേഖലകളായി ടൂറിസം വകുപ്പോ മറ്റേതെങ്കിലും വകുപ്പോ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളെയും നഗരമേഖലകളായി കണക്കാക്കി മദ്യശാല തുറക്കും. വിദേശ നിര്‍മ്മിത വിദേശ മദ്യവും നിലവിലുളള ബിവറേജസ് വില്പന കേന്ദ്രങ്ങള്‍ വഴിയും കണ്‍സ്യൂമര്‍ഫെഡിന്റെ വില്പന കേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യും.

ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി കത്തോലിക്ക സഭ രംഗത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. സിബിസിഐ മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയും കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ മദ്യവിരുദ്ധ സമിതി അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. 

മദ്യനയം മറ്റൊരു ഓഖി ദുരന്തമായി മാറുമെന്നും പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്നുമാണ് താമരശേരി ബിഷപ്പിന്റെ മുന്നറിയിപ്പ്. പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ രക്തമൂറ്റിക്കുടിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ജനങ്ങളെ മുഴുവന്‍ കുടിപ്പിച്ച് കൊല്ലുന്ന സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് നിലയുറപ്പിക്കുന്നതെന്ന് ബിഷപ്പ്‌സ് കൗണ്‍സില്‍ അറിയിച്ചു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ടാണ് സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയത്. അത് വെള്ളത്തിലായി എന്നാണ് സിപിഎം വിലയിരുത്തല്‍. മദ്യലോബിയുമായി സ്ഥാനാര്‍ത്ഥിക്ക് ബന്ധമുണ്ടെന്ന ആരോപണം ശക്തമായിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.