യന്ത്രത്തെ പഴിച്ച് കോൺഗ്രസ്

Sunday 18 March 2018 5:45 am IST
"undefined"

ന്യൂദല്‍ഹി: തുടര്‍ച്ചയായ തോല്‍വികളുടെ നാണക്കേട് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ചാരി രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് ശ്രമം. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ആവശ്യപ്പെട്ടു. 

ജനവിധി അട്ടിമറിക്കുന്ന തരത്തില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തുന്നതായി ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംശയങ്ങളുണ്ട്. അതിനാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന പഴയ രീതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടരണമെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. 

2014ല്‍ കേന്ദ്രത്തിലുണ്ടായ വലിയ തോല്‍വിക്ക് ശേഷം മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടു. ദുര്‍ബ്ബലനായ അധ്യക്ഷന്‍ രാഹുല്‍ തോല്‍വികള്‍ക്ക് പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കുകയാണ്  യന്ത്രത്തെ പഴി ചാരുന്നത്. പരാജയങ്ങളെക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചയോ പരിശോധനയോ നടക്കില്ലെന്നും വ്യക്തമായി. നേരത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ യന്ത്രത്തില്‍ കൃത്രിമം ആരോപിച്ചിരുന്നു. ഇത് തെളിയിക്കാന്‍ തെര. കമ്മീഷന്‍ അവസരം നല്‍കിയെങ്കിലും ആരും തയ്യാറായില്ല. യുപിഎ ഭരണകാലത്ത് ബാലറ്റ് പേപ്പര്‍ വേണ്ടെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ നിലപാട്. 

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശവും കോണ്‍ഗ്രസ് തള്ളി. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ വിരുദ്ധവും അപ്രായോഗികവുമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. നരേന്ദ്ര മോദിക്ക് അഹങ്കാരവും അധികാരഗര്‍വ്വുമാണെന്ന് സമ്മേളനത്തില്‍ സംസാരിച്ച സോണിയ കുറ്റപ്പെടുത്തി. ഇതിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ല. നേതാക്കള്‍ വ്യക്തിതാല്‍പര്യങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അവര്‍ ആവശ്യപ്പെട്ടു. സമ്മേളനം ഇന്ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.