ഒന്നും പിടികിട്ടാതെ പ്രതിപക്ഷം

Sunday 18 March 2018 5:50 am IST

ന്യൂദല്‍ഹി: പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് എന്‍ഡിഎ വിട്ട ടിഡിപിയെയും ചന്ദ്രബാബു നായിഡുവിനെയും വിശ്വാസത്തിലെടുക്കാതെ പ്രതിപക്ഷ കക്ഷികള്‍. ആന്ധ്രയില്‍ വീണ്ടും അധികാരത്തിലെത്താന്‍ ടിഡിപി നടത്തുന്ന നാടകമാണ് എന്‍ഡിഎ വിട്ടതെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഐക്യം തകര്‍ക്കാനായി ചന്ദ്രബാബു നായിഡുവിനെ നിയോഗിച്ചതാണെന്ന ആശങ്കയും പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്. 

ആന്ധ്ര നിയമസഭയില്‍ 127 എംഎല്‍എമാരാണ് ടിഡിപിക്കുള്ളത്. പ്രധാന എതിരാളികളായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 44 പേരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തുകയും പരമാവധി പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വിജയിക്കുകയുമാണ് ടിഡിപിയുടെ ലക്ഷ്യം. എന്നാല്‍ ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിഡിപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. 

ജഗ്‌മോഹന്‍ റെഡ്ഡി നെല്ലൂരില്‍ നിന്ന് ആരംഭിച്ച പദയാത്രയിലെ ജനപങ്കാളിത്തവും ചന്ദ്രബാബു നായിഡുവിന്റെ ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്. 2019ലെ ആന്ധ്രാ നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ടിഡിപി വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. ലോക്‌സഭയില്‍ വലിയ ഭൂരിപക്ഷമുള്ള മോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഷ്ട്രീയ തന്ത്രമാണെന്നും ഇവര്‍ നിരീക്ഷിക്കുന്നു. 

 മോദി സര്‍ക്കാരിനെതിരെ കൊണ്ടുവരുന്ന ആദ്യ അവിശ്വാസ പ്രമേയമായതിനാല്‍ മാത്രമാണ് കോണ്‍ഗ്രസും ഇടതു കക്ഷികളും അടക്കം പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സഭയില്‍ ബഹളമുണ്ടാക്കി പ്രമേയാവതരണം തടസ്സപ്പെടുത്തിയ ടിഡിപിളുടെ നടപടി പ്രതിപക്ഷത്തെ നാണംകെടുത്തി. അംഗങ്ങള്‍ ശാന്തരായിരുന്നാല്‍ മാത്രമേ പ്രമേയം ചര്‍ച്ച ചെയ്യൂ എന്ന സ്പീക്കറുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് ലംഘിച്ച് ബഹളം തുടര്‍ന്ന ടിഡിപിയെ പ്രതിപക്ഷ കക്ഷികള്‍ സംശയത്തോടെയാണ് കാണുന്നത്. 

രാജ്യസഭാംഗങ്ങളുടെ എണ്ണം 75 ആയി ഉയരുന്നതോടെ ഇരുസഭകളിലും ഭരണകക്ഷിക്ക് മേധാവിത്വമാണുണ്ടാവുന്നത്. ടിഡിപി മുന്നണി വിട്ടതോടെ ആന്ധ്രയില്‍ ബിജെപിക്ക് വലിയ വളര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ട ആന്ധ്രയിലെ ബിജെപി എംഎല്‍എമാര്‍ പങ്കുവെച്ചു. ടിഡിപി എന്‍ഡിഎയില്‍ നിന്ന് പോയതോടെ ആന്ധ്രയിലെയും തെലങ്കാനയിലെയും ബിജെപി സംവിധാനങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തന സജ്ജമായെന്നാണ് ദേശീയ നേതൃത്വത്തിന്റെയും വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.