അബ്ക്കാരിയുടെ നയം സിപിഎമ്മിന്റെ മദ്യനയം

Sunday 18 March 2018 11:52 am IST
"undefined"

മദ്യമില്ലെങ്കില്‍ ഇടതില്ലെന്നാണ് പണ്ടും കേരളത്തിന്റെ അവസ്ഥ.എന്നും മദ്യമുതലാളിമാര്‍ക്കു വേണ്ടി നിലകൊള്ളുകയെന്നതാണ് അവരുടെ മദ്യനയവും. അതിനു കാലാകാലങ്ങളില്‍ മനുഷ്യനെപ്പറ്റിക്കുന്ന ഓരോ അടവുനയങ്ങളും അവരുപറയും. മദ്യനിരോധനം ഉണ്ടായാല്‍ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ പട്ടിണിയിലാകും. മദ്യം നിരോധിക്കുന്നത് അനധികൃത മദ്യം ഒഴുകാന്‍ കാരണമാകും. മനുഷ്യന്റെ യുക്തിക്കു നിരക്കാത്ത ഇത്തരം തരികിടകളാണ് പണ്ടുമുതലേ ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

എല്‍ഡിഎഫ് വന്നാല്‍ മദ്യനയം തിരുത്തുമെന്നും യുഡിഎഫ് പൂട്ടിയ ബാറുകള്‍ തുറക്കുമെന്നുമായിരുന്നു അവരുടെ പ്രധാന അജണ്ടയും പ്രകടന പത്രികയില്‍ ഊന്നിപ്പറഞ്ഞതും. മദ്യം കഴിച്ചില്ലെങ്കില്‍ മനുഷ്യന്‍ മരിച്ചുപോകുമെന്നും മദ്യം അമൃതാണെന്നുംപോലെയാണ് അന്നും ഇന്നും അവരുടെ നിലപാട്.ഭരണത്തില്‍ വന്നപ്പോള്‍ ആദ്യം ചര്‍ച്ചയായതിലൊന്ന് മദ്യമായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ കേരളീയരോടു ചെയ്ത ഏറ്റവും വലിയ ക്രൂരത മദ്യനയമായിരുന്നു എന്ന തരത്തിലാണ് ഇടതു പ്രചരണം ഉണ്ടായിരുന്നത്.പ്രത്യേകിച്ച് സിപിഎം. അങ്ങനെ മദ്യനയം തന്നെ ആദ്യം പൊളിച്ചടുക്കി. ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധിയുടെ പേരു പറഞ്ഞ് നാട്ടിലുടനീളം മദ്യമൊഴുക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. മദ്യമൊഴുക്കി കേരളത്തിന്റെ കഷ്ടപ്പാട് മാറ്റാമെന്ന്!

എന്നും കള്ളുമുതലാളിമാരുടെ പാര്‍ട്ടിയായിരുന്നു സിപിഎം.അബ്കാരികളായിരുന്നു പാര്‍ട്ടിയുടെ ശക്തിയും നേതാക്കളുടെ വളര്‍ച്ചയും.മദ്യനയവും അതുവഴിയുള്ള മദ്യമണവും സിപിഎമ്മിനു പാരമ്പര്യമായിക്കിട്ടിയ പൈതൃക സ്വത്താണ്. കോടികളുടെ കിലുക്കമുളള മദ്യംവിട്ടുള്ള കളി ഒരിക്കലും സിപിഎം കളിക്കില്ല.എന്നാല്‍ മദ്യ ഉപഭോഗം കുറക്കുക എന്നതാണ് പാര്‍ട്ടിലൈന്‍ എന്നും പറയുന്നു. പറയുന്നത് മറ്റാരുമല്ല,സാക്ഷാല്‍ സീതാറാം യെച്ചൂരി. സര്‍ക്കാരിന്റെ മദ്യനയത്തോട് പ്രതികരിച്ചുകൊണ്ടാണ് യെച്ചൂരി ഇതു പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ മദ്യ ഉപഭോഗം കുറക്കും എന്നായിരുന്നു ഇടതു പ്രചരണമെന്നു അദ്ദേഹം പറഞ്ഞു.

 അതേ സമയം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ ബാറുകള്‍കൂടി തുറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. യെച്ചൂരിയെ ആര്‍ക്കുവേണമെന്നാണ് പാര്‍ട്ടിയുടെ തന്നെ ചോദ്യം.പ്രകാശ് കാരാട്ടിനെകൊണ്ടു നടന്ന് പാര്‍ട്ടി  ഒരു കണക്കായി.അടുത്ത ഭരണം കിട്ടില്ലെന്ന് ഇപ്പോള്‍ തന്നെ ഉറപ്പുമായി. പിന്നെ ത്രിപുര കൈവിട്ടുപോയ നടുക്കവും. എന്നാല്‍പ്പിന്നെ അബ്ക്കാരികളില്‍ നിന്നും കിട്ടുന്ന കോടികള്‍ വെറുതെ എന്തിനു കൈവിടണം!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.