രാഹുലിന് ബിജെപിയുടെ മറുപടി; ശ്രീരാമന്റെ അസ്തിത്വം ചോദ്യം ചെയ്തവര്‍ ഇപ്പോള്‍ പാണ്ഡവരെന്ന് അവകാശപ്പെടുന്നു

Sunday 18 March 2018 7:16 pm IST
കോണ്‍ഗ്രസിന് സുതാര്യതയില്‍ വിശ്വാസമില്ല .ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഇതിന് തെളിവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
"undefined"

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ രാഹുലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഹുലിന്റേത് പരാജിതന്റെ പ്രസംഗമാണെന്നും അടിസ്ഥാനമില്ലെന്നും അവര്‍ പറഞ്ഞു. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് ഉത്തരവാദികളായവര്‍ തെറ്റും ശരിയും പഠിപ്പിക്കുകയാണ്. അഴിമതി കാരണം ജനങ്ങള്‍ പുറന്തള്ളിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നിര്‍മ്മല പറഞ്ഞു. 

 ദല്‍ഹിയില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ ബിജെപി കൗരവരാണെന്നും കോണ്‍ഗ്രസ് പാണ്ഡവരാണെന്നും രാഹുല്‍ പ്രസംഗിച്ചിരുന്നു. മാധ്യമങ്ങളും ജനങ്ങളും ഭയത്തിലാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പത്രസമ്മേളനം വിളിക്കേണ്ട സാഹചര്യമുണ്ടായി. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുകയാണെന്നും രാഹുല്‍ ആരോപിച്ചു. 

 ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവര്‍ ഇപ്പോള്‍ സ്വയം പാണ്ഡവരായി വിശേഷിപ്പിക്കുകയാണെന്ന് നിര്‍മ്മല സീതാരാമന്‍ പരിഹസിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ അവസരം ലഭിക്കുമ്പോഴൊക്കെ അവഹേളിച്ചവരാണ് കോണ്‍ഗ്രസ്. ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ഹൈന്ദവ ദര്‍ശനങ്ങളെ പരിഹസിക്കാന്‍ അവര്‍ മടിച്ചില്ല. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് തന്റെ കുടുംബം മാത്രമെന്ന് വരുത്തിത്തീര്‍ക്കാനാണ് രാഹുല്‍ വീര സവര്‍ക്കറെ ആക്ഷേപിക്കുന്നത്.  

 ബിജെപി അധ്യക്ഷന്‍ അമിത് ഷാ കൊലക്കേസില്‍ ആരോപണ വിധേയനാണെന്ന് രാഹുല്‍ പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ് അമിത് ഷാക്കെതിരായ ആരോപണം. കോടതിയില്‍ ഷാ നിരപരാധിത്വം തെളിയിച്ചതാണ്. നാഷണല്‍ ഹെരാള്‍ഡ് അഴിമതിയിലെ ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ജാമ്യത്തിലാണ് താനെന്ന് രാഹുല്‍ ഓര്‍ക്കണം. സുതാര്യതയില്‍ വിശ്വസിക്കാത്തതിനാലാണ് കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളെ എതിര്‍ക്കുന്നത്. 

 എപ്പോള്‍ മുതലാണ് കോണ്‍ഗ്രസ് നീതിന്യായ വ്യവസ്ഥയുടെ സംരക്ഷകരായതെന്ന് അവര്‍ ചോദിച്ചു. പ്രതികൂല വിധിയുണ്ടായപ്പോള്‍ ഇന്ദിരാ ഗാന്ധി എങ്ങനെയാണ് കോടതികളെ കൈകാര്യം ചെയ്തതെന്ന് രാജ്യം കണ്ടതാണ്. രാജീവും ഇന്ദിരയും മാധ്യമങ്ങളെ വേട്ടയാടി. എന്നിട്ടാണ് രാഹുല്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഭരണത്തിലിരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നിലവിളിക്കുകയാണെന്നും നിര്‍മ്മല വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.