കേരള ജനത ബിജെപിക്ക് അവസരം നല്‍കും: ഒ. രാജഗോപാല്‍

Monday 19 March 2018 2:18 am IST
"undefined"

കൊല്ലം: ഇടതുപക്ഷത്തിന്റെ ഭരണം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മടുത്ത കേരള ജനത മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. കൊല്ലത്ത് യുവമോര്‍ച്ച ജില്ലാപഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അറുപത് വര്‍ഷമായി ഇടതും വലതും ഭരിക്കുന്നു. മുപ്പത് വര്‍ഷം വീതം അവര്‍ക്ക് കൊടുത്ത ജനങ്ങള്‍ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള അവസരം ബിജെപിക്ക് കൊടുത്താലെന്ത് എന്നാലോചിക്കുന്നുണ്ട്. ശക്തമായ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലേണ്ടത് പാര്‍ട്ടിയുടെ യുവശക്തിയാണ്. ബിജെപി ഇല്ലാതിരുന്ന പല സംസ്ഥാനങ്ങളിലും ഭരണത്തിലെത്താന്‍ പാര്‍ട്ടിക്ക് കരുത്തേകിയത് യുവജനങ്ങളാണ്. കേരളത്തിലും മാറ്റം വരുത്തുന്നത് യുവജനങ്ങളാകും.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ അധികാരം കൊണ്ടും ഭരണസ്വാധീനം കൊണ്ടും അക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രസേവനത്തിന്റെ ആദര്‍ശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക രാഷ്ട്രീയപ്രസ്ഥാനമാണ് ബിജെപി. മറ്റുള്ളവര്‍ അധികാരത്തിന് വേണ്ടിയാണ് ഒന്നിക്കുന്നത്. മോദി വിരുദ്ധത മാത്രമാണ് അവര്‍ക്കിടയിലെ ഐക്യബിന്ദു. കോണ്‍ഗ്രസിന് സ്തുതി പാടുകയാണ് ഇപ്പോള്‍ കമ്യൂണിസ്റ്റുപാര്‍ട്ടി. കോണ്‍ഗ്രസിനാകട്ടെ അധികാരം മാത്രമാണ് ലക്ഷ്യം. ഒരു കുടുംബത്തിന് മാത്രം ജയ് വിളിക്കാന്‍ വിധിക്കപ്പെട്ടവരാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍ കുടുംബമോ മതമോ ജാതിയോ സംരക്ഷിക്കാനല്ല, രാഷ്ട്രത്തെ ശക്തിപ്പെടുത്താനാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. 

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി. സനില്‍ അധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ജില്ലാ സെക്രട്ടറി ജി. ഗോപകുമാര്‍, അഡ്വ. ആര്‍.എസ്. പ്രശാന്ത്, ആര്‍.എസ്. സമ്പത്ത്, രാജ്‌മോഹന്‍ വാളത്തുംഗല്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.