മാറാട് കൂട്ടക്കൊല; സിബിഐ അന്വേഷണം ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാന്‍

Monday 19 March 2018 2:20 am IST
"undefined"

കോഴിക്കോട്: മാറാട് കൂട്ടക്കൊലയെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന സിബിഐ അന്വേഷണം ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാനാണെന്ന് നിയുക്ത എംപിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ വി. മുരളീധരന്‍. ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാറാട് ബലിദാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാറാട്  നടന്ന ഭീകരവാദി ആക്രമണത്തില്‍ പത്തു ഹിന്ദു സഹോദരന്മാരെയാണ് നമുക്ക് നഷ്ടമായത്. എന്നിട്ടും സംസ്ഥാനത്തെ  ഭീകരവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കേരളം ഭരിച്ചവര്‍ക്കായിട്ടില്ല.എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മാറാട്ടെത്തി ധീരബലിദാനികളുടെ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കണമെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബലിദാനികളായ ചോയിച്ചന്റകത്ത് മാധവന്റെ ഭാര്യ ശ്രീമതി, ആവത്താന്‍പുരയില്‍ ദാസന്റെ ഭാര്യ സൗമിനി, അരയച്ചന്റകത്ത് കൃഷ്ണന്റെ ഭാര്യ പത്മജ, തെക്കേത്തൊടി പ്രീജിയുടെ അമ്മ സത്യവതി എന്നിവരില്‍ നിന്നും മുതിര്‍ന്ന അമ്മമാരില്‍ നിന്നും മുരളീധരന്‍ അനുഗ്രഹം തേടി. 

മാറാട് അരയസമാജം ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് അംബുജാക്ഷന്‍ അദ്ധ്യക്ഷനായി.  ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, നാട്ടുകാരണവര്‍ പ്രതിനിധി കെ. ദാസന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഷൈമ പൊന്നത്ത്, ഇ. പ്രശാന്ത്കുമാര്‍, ടി. അനില്‍കുമാര്‍,  എന്‍. സതീഷ്‌കുമാര്‍, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ. രജനീഷ് ബാബു, വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, ടി. മുരുകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.