'രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാഷ്ട്രത്തെ ഒറ്റുകൊടുക്കരുത്'

Monday 19 March 2018 2:00 am IST

 

ആലപ്പുഴ: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാഷ്ട്രത്തെ വെട്ടിമുറിക്കുമെന്ന് പറയുന്നവര്‍ക്കുപോലും പിന്തുണ ലഭിക്കുന്ന കാലമാണെന്നും ഇതിനെതിരെ ദേശസ്‌നേഹികള്‍ ജാഗ്രത പാലിക്കണമെന്നും ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍. ആര്‍എസ്എസ് ആലപ്പുഴ സംഘജില്ലാ വര്‍ഷപ്രതിപദ മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 രാഷ്ട്രമാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. ആശയവും ആദര്‍ശവും രാഷ്ട്രത്തെ കേന്ദ്രീകരിച്ചാണ്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇന്ന് സംഘത്തിലാണ്. ഏതു വിഷയത്തിലും സംഘത്തിന്റെ അഭിപ്രായമെന്തെന്ന് ലോകം ഉറ്റുനോക്കുന്നു. മാദ്ധ്യമങ്ങള്‍ പോലും ഒരു കാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തനത്തെ അവഗണിച്ചിരുന്നു.  

 സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രവര്‍ത്തന പന്ഥാവില്‍ നിന്നും അണുവിടപോലും സംഘം ഇതുവരെ വ്യതിചലിച്ചിട്ടില്ല. പെട്ടെന്നുണ്ടായ ഒരാവേശത്തിലല്ല ഡോക്ടര്‍ജി ആര്‍എസ്എസ് രൂപീകരിച്ചത്. സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസിലും തീവ്രവാദ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചതിന്റെ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് രൂപീകരിച്ചത്. 

 ഇന്ന് മുഴുവന്‍ സാമൂഹ്യരംഗങ്ങളിലും ആര്‍എസ്എസിന്റെ സ്വാധീനം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് ശിബരിഗിരി വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്‍, ജില്ലാ സഹ സംഘചാലക് റിട്ട. കേണല്‍ എന്‍.എസ്. റാംമോഹന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ കാര്യവാഹ് എ.വി. ഷിജു സ്വാഗതവും ജില്ലാ സഹ കാര്യവാഹ് കെ.ആര്‍. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.