പാണാവള്ളി പെരുമ്പളം ജങ്കാര്‍സര്‍വീസ് നിര്‍ത്തുന്നു

Monday 19 March 2018 2:00 am IST

 

പെരുമ്പളം: വാടക കുടിശികയെ തുടര്‍ന്ന് പാണാവള്ളി പെരുമ്പളം ജങ്കാര്‍ സര്‍വീസ് നിര്‍ത്തുന്നു. ദ്വീപ് നിവാസികള്‍ ആശങ്കയില്‍. 

 കെഎസ്‌ഐഎന്‍സി പെരുമ്പളം പഞ്ചായത്തിന് വാടകയ്ക്ക് നല്‍കിയിട്ടുള്ള ജങ്കാര്‍ ഇരുപത്തിരണ്ടു ലക്ഷത്തോളം കുടിശികയുള്ളതിനാല്‍ കരാര്‍ റദ്ദാക്കി ഇന്ന് തിരിച്ചെടുക്കുമെന്നാണ് കൊമേഷ്യല്‍ മാനേജര്‍ അറിയിച്ചിട്ടുള്ളത്. വേമ്പനാട്ട് കായലിലെ ദ്വീപില്‍ അധിവസിക്കുന്ന പതിനായിരത്തോളെ ജനങ്ങള്‍ മറുകരയെത്താന്‍ ആശ്രയിക്കുന്നത് ജങ്കാറും വാട്ടര്‍ അതോറിറ്റിയുടെ ബോട്ട് സര്‍വീസിനെയുമാണ്. 

 ബോട്ട് സര്‍വീസുകള്‍ പതിവായി മുടങ്ങുന്നതിനാല്‍ ഭൂരിഭാഗം യാത്രക്കാരും ജങ്കാറിലാണ് യാത്ര ചെയ്യുന്നത്. ജങ്കാര്‍ നിര്‍ത്തുന്നതോടെ ദ്വീപില്‍ കഴിയുന്നവരുടെ വാഹനങ്ങളും മറുകരയെത്തിക്കാന്‍ കഴിയാതാകും. ദ്വീപ് നിവാസികളില്‍ പലരും സ്വന്തം വാഹനങ്ങളിലാണ് എറണാകുളം അടക്കമുള്ള സ്ഥലങ്ങളില്‍ ജോലിക്കായി പോകുന്നത്. 

 മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ യോഗത്തില്‍ സര്‍വീസ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തുക നല്‍കാനും ധാരണയായെങ്കിലും ഇതിന് വിരുദ്ധമായി ജങ്കാര്‍ പിന്‍വലിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷിബു പറഞ്ഞു. പഞ്ചായത്തില്‍ നിന്ന് കരാര്‍ ഏറ്റെടുത്തയാളാണ് ജങ്കാര്‍ സര്‍വീസ് നടത്തുന്നത്. 22 ലക്ഷം രൂപ നല്‍കാനുണ്ടെന്ന കെഎസ്‌ഐഎന്‍സിയുടെ പ്രചരണം വാസ്തവ വിരുദ്ധമാണ്. കാലങ്ങളായി വാടക നല്‍കുന്നുണ്ട്. 

 പഞ്ചായത്ത് അധികാരികളുമായി ചേര്‍ന്ന് കണക്ക് പരിശോധിച്ച് ശേഷിക്കുന്ന തുക നല്‍കുന്നതിന് സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിനെതിരെ നിലപാടെടുത്തത് ശരിയല്ലെന്നും ജങ്കാര്‍ തിരിച്ചെടുക്കാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്നും ഷിബു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.