ലോകത്തെ ശ്രേഷ്ഠവല്‍ക്കരിക്കാം

Monday 19 March 2018 2:40 am IST

ഈ ലോകം എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് വേദങ്ങളിലുണ്ട്. അതാകട്ടെ, അതിര്‍വരമ്പുകളേതുമില്ലാതെ ഏവര്‍ക്കും സ്വീകരിക്കാന്‍ യോഗ്യമായതുണ്. മാറ്റം വ്യക്തിയില്‍നിന്നും തുടങ്ങണമെന്നാണ് വേദം പറയുന്നത്. വ്യക്തികള്‍ സ്വയം മാറാന്‍ തയ്യാറായാല്‍ മാത്രമേ ഈ ലോകത്തെ ശ്രേഷ്ഠമാക്കിമാറ്റാന്‍ ഈശ്വരനുപോലും സാധിക്കുകയുള്ളൂ. ആ മാറ്റത്തിനുള്ള ആഹ്വാനവും അതിലൂടെ ശ്രേഷ്ഠലോകത്തിന്റെ നിര്‍മിതിക്കായി മാനവനെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു മന്ത്രമുണ്ട് ഋഗ്വേദത്തില്‍. മന്ത്രവും അര്‍ഥവും കാണുക: 

ഇന്ദ്രം വര്ധന്തോ അപ്തുരഃ കൃണ്വന്തോ

വിശ്വമാര്യമ്. അപഘ്‌നന്തോ അരാവ്ണഃ.

(ഋഗ്വേദം 9.63.5) 

അര്‍ത്ഥം : അല്ലയോ (അപ്തുരഃ=) സത്കര്‍മങ്ങളില്‍ നിപുണരായ ശ്രേഷ്ഠന്‍മാരേ, (ഇന്ദ്രം=)  ഇന്ദ്രത്വത്തെ (വര്ധന്തഃ=) വര്‍ദ്ധിപ്പിച്ചുകൊണ്ട് (അരാവ്ണഃ=) പാപികളെ (അപഘ്‌നന്തഃ=) ഇല്ലാതാക്കിക്കൊണ്ട് (വിശ്വം=) സമ്പൂര്‍ണ്ണലോകത്തേയും (ആര്യം=) ശ്രേഷ്ഠം (കൃണ്വന്തഃ=) ആക്കിതീര്‍ത്താലും.

വംശീയവാദികള്‍ക്കും വര്‍ഗീയവാദികള്‍ക്കും വളരെ എളുപ്പത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധിക്കുന്ന ഒരു മന്ത്രമാണിത്. ആര്യശബ്ദത്തിന് വംശീയപരമായ അര്‍ത്ഥം കല്പിച്ചുകൊടുത്ത കഴിഞ്ഞ നൂറ്റാണ്ടിലെ യൂറോപ്യന്‍ പാണ്ഡിത്യത്തിന്റെ സൃഷ്ടിയായിരുന്നല്ലോ ഇരുട്ടിന്റെയും വംശഹത്യയുടേയും ഉപാസകനായിരുന്ന ഹിറ്റ്‌ലര്‍. വൈദികസാഹിത്യത്തിലെ ആര്യശബ്ദത്തെ ഗൂഢാലോചനയുടെ ഫലമായി തെറ്റായി വ്യാഖ്യാനിച്ച മാക്‌സ്മുള്ളര്‍ തന്റെ അന്ത്യകാലത്ത് പക്ഷേ താന്‍ ആദ്യം പറഞ്ഞതിനെ വിഴുങ്ങിക്കൊണ്ട് പറഞ്ഞു, വൈദിക സാഹിത്യത്തിലെ ആര്യശബ്ദം വംശീയ പരമല്ല, മറിച്ച് ഭാഷാശാസ്ത്രപരം മാത്രമാണ്. 

ആര്യമെന്ന പദത്തിനര്‍ഥം ശ്രേഷ്ഠം എന്നാണ്. ഉദാത്തചിന്തകളും അത്യുന്നതമായ ആചരണങ്ങളുംകൊണ്ട് ഈര്‍ഷ്യ, ദ്വേഷം, അശാന്തി, ക്ഷോഭം എന്നിവയെല്ലാം ജയിച്ച വ്യക്തി ശ്രേഷ്ഠനാണ്, ആര്യനാണ്. ഇതിന് ജാതിയുമായോ മതവുമായോ രാജ്യവുമായോ ഒന്നും യാതൊരു ബന്ധവുമില്ല. 

നാം നമ്മുടെ ചിന്തയെ ഏതെങ്കിലുമൊരു മതവിശ്വാസത്തിന്റെ നാലുഅതിരുകള്‍ക്കുള്ളില്‍ തളച്ചിടുകയാണെങ്കില്‍ കിണറ്റിലെ തവളയുടേതില്‍നിന്നും വ്യത്യസ്തമായിരിക്കില്ല നമ്മുടെ അവസ്ഥയും. മതം ഭരിച്ചിരുന്ന യൂറോപ്പ് അറിവിനെ സംബന്ധിച്ചിടത്തോളം ഇരുണ്ടയുഗമായിരുന്നു. മതം പറഞ്ഞു ഭൂമിയാണ് ഉലകത്തിന്റെ കേന്ദ്രം, സൂര്യന്‍ ഭൂമിക്ക് ചുറ്റുമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. മതത്തില്‍ നിന്നും പുറത്തുകടന്ന ചിലര്‍ പക്ഷേ സത്യത്തെ കണ്ടെത്തി. പക്ഷേ അവര്‍ക്ക് അതിനുള്ള വില സ്വന്തം ജീവന്‍കൊണ്ട് കൊടുക്കേണ്ടി വന്നു. 

മതങ്ങളും വേദവും ഇവിടെ വേര്‍പിരിയുന്നു. വേദം പറയുന്നു ഈ ലോകത്തെ ജീവിതം മംഗളമയമാക്കിത്തീര്‍ക്കുവാന്‍ എന്തുവേണമെന്ന് നന്നായി ചിന്തിച്ച് മുന്നേറൂ. മനുഷ്യനാവുക മനുര്‍ഭവ; ഈ മന്ത്രത്തില്‍ ആര്യനായിത്തീരാന്‍ പറയുന്നു. ഈശ്വരന്റെ പുത്രനാണ്, ആര്യന്‍. പിതാവിന്റെ ഗുണം കാണിക്കുന്നവനാണ് പുത്രനും പുത്രിയും. ഈശ്വരന്‍ കാരുണ്യമാണ്, സ്‌നേഹമാണ്, അറിവാണ്, വീര്യമാണ്, തേജസ്സാണ്, ഐശ്വര്യമാണ്. ഈശ്വരന്റെ അസംഖ്യം ഗുണങ്ങളുടെ കണികാമാത്രമെങ്കിലും ഉള്ളവര്‍ ആര്യനാണ്. ഇത് മതവുമല്ല ജാതിയുമല്ല.

മന്ത്രം പറയുന്നു, ഇന്ദ്രം വര്ധന്തഃ. ഇന്ദ്രഗുണം വര്‍ധിപ്പിക്കുക. പുരാണങ്ങളിലെ അസൂയക്കാരനായ ഇന്ദ്രനെക്കുറിച്ചല്ല, വേദങ്ങളില്‍ പറയുന്നത്. ഏകനായ സര്‍വേശ്വരന്റെ ഒരു വിശിഷ്ടഗുണമാണ് ഇന്ദ്രത്വം എന്നത്. മഹത്‌വ്യക്തികളെ സംരക്ഷിക്കുക എന്ന ഗുണം ഇന്ദ്രഗുണമാണ്, ആ ഗുണം വര്‍ദ്ധിക്കട്ടെ. ഇതിനുപുറമെ ഇന്ദ്രന്‍ ശക്തിയാണ്, ഇന്ദ്രിയജയമാണ്, ഐശ്വര്യമാണ്. ശാന്തിയും ഐശ്വര്യവും അറിവിന്റെ അലങ്കാരമാണ്. എന്നാല്‍ അറിവില്ലാത്തവന്റെ ശാന്തിയും ഐശ്വര്യവും അനാര്യജുഷ്ടമാണ്. ഈ അനാര്യത്വത്തെ ഇല്ലാതാക്കണമെന്നാണ് ഭഗവദ്ഗീതയില്‍ ഭഗവാന്‍ അര്‍ജുനനോട് ഉപദേശിക്കുന്നത്. 

ഇന്ദ്രത്വം എങ്ങനെ നേടാം? അതിന് ഇന്ദ്രന്റെതന്നെ കടാക്ഷം വേണം. അവനാണല്ലോ എല്ലാ ശക്തിയുടേയും ഐശ്വര്യത്തിന്റേയും അധിപതി. ഹേ ഇന്ദ്രാ, അവിടുന്ന് (അരാവ്ണഃ അപഘ്‌നന്തഃ) കൃപണന്‍, ദാനം ചെയ്യാത്തവന്‍, ഈര്‍ഷ്യാലു തുടങ്ങിയ സ്വാര്‍ത്ഥന്‍മാരെ ഇല്ലാതാക്കിയാലും. അല്പത്വവും സ്വാര്‍ത്ഥതയുമെല്ലാം ദുര്‍ഗുണങ്ങളാണ്- ഈ ഗുണങ്ങളെ ഉന്മൂലനം ചെയ്യണം. ഇത് ഓരോരുത്തരുടെയും ഉള്ളില്‍ നടക്കേണ്ട ഉന്മൂലനമാണ്. സ്വയം ഇന്ദ്രത്വം നേടിയവര്‍ മറ്റുള്ളവരെ മനഃപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയും വേണം. അവരില്‍ നന്മയുടെ സന്ദേശമെത്തിക്കണം.

അങ്ങനെ ലോകത്തിന്റെ വിശിഷ്ടഗുണം വര്‍ദ്ധിപ്പിക്കുക. സ്വാര്‍ത്ഥതയെ ഉന്മൂലനം ചെയ്യുക. വിശ്വം ആര്യമായിത്തീരാന്‍ ഈശ്വരന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമാണ്. എല്ലാ മതങ്ങളുടേയും ലക്ഷ്യം ഏതാണ്ട് ഇതൊക്കെത്തന്നെയാണ്. പക്ഷേ പ്രകൃതിയുടെ വിശാലമായ ലോകത്തേക്ക് ആനന്ദം തുടിക്കുന്ന ഹൃദയത്തോടെ പറന്നുനടക്കുന്നതിനു പകരം ഭയവും ആശങ്കയും ക്രോധവും പ്രതികാരവും എല്ലാം ചേര്‍ന്നു ക്രമപ്പെടുത്തിയ തീവ്രമായ അന്ധവിശ്വാസത്തിന്റെ ഇരുളടഞ്ഞ ഗുഹയിലൂടെയാണ് പലപ്പോഴും മതവിശ്വാസികള്‍ ചരിക്കുന്നത്. ഇരുളടഞ്ഞ ഗുഹകളെ തകര്‍ത്ത് നമുക്ക് വിശ്വാസത്തെ ആര്യമയമാക്കിത്തീര്‍ക്കാം. ലോകത്തെ ആര്യവല്‍ക്കരിക്കാം. 

ഫോണ്‍: 0495 272 4703

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.