വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം ഇന്ന്

Monday 19 March 2018 2:00 am IST
വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം ഇന്ന് രാത്രി നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂര്‍വം ഉത്സവങ്ങളില്‍ ഒന്നാണിത്. ഉത്സവം നടക്കുന്നത് ആറ്റിലാണെന്നുള്ളതാണ് ഏറെ പ്രത്യേകത.

 

വൈക്കം: വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം ഇന്ന് രാത്രി നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂര്‍വം ഉത്സവങ്ങളില്‍ ഒന്നാണിത്. ഉത്സവം നടക്കുന്നത് ആറ്റിലാണെന്നുള്ളതാണ് ഏറെ പ്രത്യേകത. 

ഐതീഹ്യപ്പെരുമയിലും ആചാരത്തനിമയിലും പകരംവയ്ക്കാനില്ലാത്ത ജലോത്സവമാണ് വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം. വടക്കുംകൂര്‍ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാന്‍ മീനമാസത്തിലെ അശ്വതി നാളില്‍ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാര്‍ഗം എത്തുന്നുവെന്നതാണ് സങ്കല്‍പ്പം. രണ്ടു വലിയ വള്ളങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഇതിനു മുകളില്‍ പലക നിരത്തി തട്ടിട്ട് ഏഴുദിവസം കൊണ്ട് മൂന്നു നിലയുള്ള ക്ഷേത്രം നിര്‍മിച്ച് ദീപങ്ങളും വൈദ്യുത അലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച് ഇതിലാണ് ഭഗവതിയെ എഴുന്നള്ളിക്കുന്നത്. പണി പൂര്‍ത്തിയായ ആറ്റുവേലച്ചാട് ഇന്നു രാവിലെ ഇളങ്കാവ് ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറു മാറി ആറിന്റെ മറുകരയിലുള്ള ആറ്റുവേലക്കടവിലെത്തും. 

നാളെ പുലര്‍ച്ചെ നാലോടെ വിവിധ വീട്ടുകാരുടേയും ഭക്തജന സംഘടനകളുടേയും വഴിപാടായി സമര്‍പ്പിക്കുന്ന ഗരുഡന്‍തൂക്കം ചാടുകളില്‍ ജലമാര്‍ഗം ആറ്റുവേലക്കടവിലെത്തിയശേഷം ആറ്റുവേല ഇളങ്കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെടും. തൂക്കച്ചാടുകള്‍ അകമ്പടി സേവിക്കും. രാവിലെ അഞ്ചോടെ ക്ഷേത്രതീരത്തെ കടവിലെത്തും. 

ക്ഷേത്ര തീരത്ത് എത്തിയാല്‍ പിന്നെ ക്ഷേത്രത്തിന്റെ മതിലിനു പുറത്ത് പ്രത്യേകം പണികഴിപ്പിച്ചിട്ടുള്ള പള്ളിശ്രാമ്പിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിയെ എഴുന്നള്ളിക്കും. നാളെ വൈകുന്നേരം നടക്കുന്ന പീലിത്തൂക്കവും രാത്രിയില്‍ നടക്കുന്ന ഗരുഡന്‍പറവയും കഴിഞ്ഞശേഷമാണ് ഭഗവതിയെ ക്ഷേത്ര ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.