അസാധുവാക്കിയ നോട്ടുകള്‍ കഷണങ്ങളാക്കി നശിപ്പിക്കുകയാണെന്ന് ആര്‍ബിഐ

Sunday 18 March 2018 10:04 pm IST
"undefined"

ന്യൂദല്‍ഹി: രാജ്യത്ത് അസാധുവാക്കിയ 500ന്റേയും 1000ന്റേയും നോട്ടുകള്‍ ടെന്‍ഡര്‍ നല്‍കി നശിപ്പിക്കുകയാണെന്ന് ആര്‍ബിഐ. 2017 ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം 15.28 ലക്ഷം കോടിയുടെ നോട്ടുകള്‍ തിരിച്ചുവന്നിട്ടുണ്ട്. 

ഇത്തരത്തില്‍ തിരിച്ചു വന്ന നോട്ടുകള്‍ യഥാര്‍ത്ഥമാണോയെന്ന് തിരിച്ചറിഞ്ഞശേഷമാണ് സ്വീകരിച്ചത്. ഇങ്ങനെ ലഭിച്ച നോട്ടുകള്‍ കഷണങ്ങളാക്കി മുറിച്ചശേഷം കത്തിച്ച് കളയുകയാണ്. വിവിധ ആര്‍ബിഐ ഓഫീസുകളില്‍ ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരാവകാശം വഴി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായി ആര്‍ബിഐ അറിയിച്ചു. 

അസാധുവാക്കിയ നോട്ടുകള്‍ തുടക്കത്തില്‍ ഇഷ്ടിക നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു. നിലവില്‍ ഇവ നശിപ്പിക്കാന്‍ ടെന്‍ഡര്‍ നല്‍കുകയാണ്. പുനരുത്പ്പാദനത്തിനായി ഇവ ഉപയോഗപ്പെടുത്തുന്നില്ലെന്നും ആര്‍ബിഐ പറഞ്ഞു.

ബാങ്കുകളില്‍ തിരികെ ലഭിച്ച 500, 1000 നോട്ടുകള്‍ യഥാര്‍ത്ഥമാണോയെന്ന് തിരിച്ചറിയാന്‍ 59 കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസ്സിങ് (സിവിപിഎസ്) മെഷീനുകള്‍ വിവിധ ആര്‍ബിഐ ശാഖകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പരിശോധിച്ച് ഉറപ്പിച്ചശേഷമാണ് കത്തിച്ചുകളയുന്നത്.

2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് 2016- 17 ആഗസ്ത് 30 വരെയുള്ള കണക്കുകള്‍ പ്രകാരം 15.28 ലക്ഷം കോടിയോളം (99 ശതമാനം) ബാങ്കുകള്‍ വഴി തിരിച്ചെത്തി. എന്നാല്‍ 2017 ജൂണ്‍ 30 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 16,050 കോടി നോട്ടുകള്‍ ഉള്ളതില്‍ 15.44 ലക്ഷം കോടി നോട്ടുകളാണ് തിരിച്ച് ലഭിച്ചത്. ബാക്കിയുള്ളവ തിരിച്ച് ലഭിച്ചിട്ടില്ലെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.