ട്രംപിന്റെ വിജയത്തിനായി അമേരിക്കക്കാരുടെ ഫേസ്ബുക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി

Monday 19 March 2018 3:00 am IST
"undefined"

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പുകാലത്ത് ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ വിവരങ്ങള്‍ പുറത്ത്. ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനു നേതൃത്വം നല്‍കിയ ബ്രിട്ടനിലെ കേംബ്രിജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍ കമ്പനിയാണ് ഈ ചോര്‍ത്തലിനു പിന്നില്‍. 

കേംബ്രിജ് അനസില്റ്റിക്ക എന്ന ഈ കമ്പനിയില്‍ അക്കാലത്തു ജോലി ചെയ്തിരുന്ന ക്രിസറ്റഫര്‍ വിലി എന്ന ഇരുപത്തെട്ടു വയസ്സുകാരന്റേതാണ് ഈ വെളിപ്പെടുത്തല്‍.

ഒബ്‌സര്‍വര്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വിജയത്തിനു വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ അമേരിക്കക്കാരുടെ ഫേസ്ബുക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ ക്രിസ്റ്റഫര്‍ വെളിപ്പെടുത്തിയത്. കോടീശ്വരനായ റോബര്‍ട്ട് മെര്‍സെറാണ് കേംബ്രിജ് അനസില്റ്റിക്ക എന്ന വന്‍ ഐടി കമ്പനിക്കു വേണ്ടി മുതല്‍ മുടക്കുന്നത്. അലക്‌സാണ്ടര്‍ നിക്‌സ് ആണ് സിഇഒ. ബ്രിട്ടനിലെ ബ്രെക്‌സിറ്റ് അഭിപ്രായ സര്‍വേ പ്രചരണത്തിനും ഈ കമ്പനിയാണ് നേതൃത്വം നല്‍കിയിരുന്നത്. 

ചുരുങ്ങിയത് അഞ്ചു കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് രഹസ്യങ്ങള്‍ പൂര്‍ണമായും ചോര്‍ത്തിയിട്ടുണ്ടെന്നാണ് ക്രിസ്റ്റഫര്‍ പറയുന്നത്. തെരഞ്ഞെടുപ്പുകാലത്ത് ട്രംപിന്റെ പ്രധാന ഉപദേശകനായിരുന്ന സ്റ്റീന്‍ ബന്നണ്‍ ആസൂത്രണം ചെയ്ത തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ചോര്‍ത്തല്‍. 

ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ ഫലപ്രദമായ ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗാം രൂപീകരിച്ചിരുന്നതായും ക്രിസ്റ്റഫര്‍ വെളിപ്പെടുത്തി. ഫേസ്ബുക്ക് അക്കൗണ്ടുകളിലെ ചാറ്റിങ്ങുകള്‍, കമന്റുകള്‍, തെരഞ്ഞെടുപ്പു കാലത്തു പങ്കുവെയ്ക്കുന്ന അഭിപ്രായങ്ങള്‍ മുതല്‍ ഓരോരുത്തരുടേയും താത്പര്യങ്ങള്‍ വരെ ചോര്‍ത്തി ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി. ഓരോ അമേരിക്കക്കാരന്റേയും രാഷ്ട്രീയ നിലപാടും അടുത്ത ഭരണത്തെക്കുറിച്ചുള്ള താത്പര്യങ്ങളും സ്വകാര്യ ഇഷ്ടാനിഷ്ടങ്ങളും അടുത്തറിഞ്ഞു തന്നെയാണ് ട്രംപിന്റെ ടീം പ്രചാരണ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തത്. 

"undefined"

ദിസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന പേരിലാണ് ഈ പ്രോഗ്രാം തയാറാക്കിയത്. കേംബ്രിജ് സര്‍വകാലാശാലയിലെ  അലക്‌സാണ്ടര്‍ കോഗന്‍ എന്ന ഗവേഷണ വിദ്യാര്‍ഥിയാണ് ഈ പ്രോഗാം തയാറാക്കിയത്. ഗവേഷണ ആവശ്യങ്ങള്‍ക്ക് എന്ന വ്യാജേന അക്കൗണ്ട് ഉടമകളുടെ സമ്മതത്തോടെ വിവരങ്ങള്‍ ശേഖരിച്ച ഘട്ടവുമുണ്ടായിട്ടുണ്ടെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പണം നല്‍കിയിരുന്നു. ഇതിനായി കോടിക്കണക്കിനു രൂപയാണ് ഒഴുക്കിയത്. ട്രംപിന്റെ വിജയത്തിനായി അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിരുന്നു എന്ന ആരോപണത്തിലുള്ള അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.