സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി വേണം

Monday 19 March 2018 3:10 am IST
"undefined"

ഫീസ് മുടങ്ങിയതിന്റെ പേരില്‍ പത്തു വയസ്സുകാരനെ പത്തുദിവസം ക്ലാസിനു പുറത്തുനിര്‍ത്തിയതായി വാര്‍ത്ത കണ്ടു. (ജന്മഭൂമി: 12/3/2018). ഇത്രയും വിവേകരഹിതവും ക്രൂരവുമായ ഒരു നടപടി ഈ കാലഘട്ടത്തിലും അരങ്ങേറുന്നത് സംസ്ഥാനത്തിനാകെ അപമാനകരമാണ്. ഇതു ചെയ്ത അധ്യാപകന്‍ ആ സ്ഥാനത്തിന് അയോഗ്യന്‍. (സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ അര്‍ത്തുങ്കല്‍).

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലാസില്‍ എന്തോ കുസൃതി കാട്ടിയതിന് അച്ഛനെ വിളിച്ചുകൊണ്ടുവരാന്‍ ക്ലാസ് ടീച്ചര്‍ ആവശ്യപ്പെട്ട കുട്ടി രണ്ടുമൂന്നു ദിവസം അച്ഛനെ ഹാജരാക്കാനാവാതെ ചുറ്റിക്കറങ്ങി. (അച്ഛന്റെ ശിക്ഷ ഭയന്ന്). നാലാം ദിവസം പേടിച്ചുവിറച്ച് ക്ലാസിലെത്തി. ക്ലാസ് ടീച്ചര്‍ നിഷ്‌ക്കരുണം പുറത്താക്കി. നിസ്സഹായനായ ആ പതിമൂന്നുകാരന്‍ ഒഴിഞ്ഞ കടമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ചു. നടന്ന സംഭവമാണിത്. ഈ ആത്മഹത്യയ്ക്കുത്തരവാദി ആ ക്ലാസ് ടീച്ചര്‍ തന്നെ, തീര്‍ച്ച.

ഇത്തരം കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്‌നമെന്തെന്ന് സ്‌നേഹപൂര്‍വം ആരായാന്‍ അധ്യാപകനു കഴിയണം. അത്തരം കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ പിടിഎ  നന്നായി പ്രവര്‍ത്തിക്കുന്ന ഇക്കാലത്ത് സാധ്യമാണ്. അതിനൊന്നും തുനിയാതെ കുട്ടിയെ പ്രാകൃത ശിക്ഷാ നടപടിക്കു വിധേയനാക്കിയത് ശുദ്ധ വിവരക്കേടുതന്നെ.

കൊച്ചിയിലെ 'മൈത്രം' 'ചൈത്രം' പോലുള്ള ആത്മഹത്യാ പ്രതിരോധ സംഘടനകള്‍ ഇത്തരം അധ്യാപകര്‍ക്കു പരിശീലനംനല്‍കുന്നതു നന്നായിരിക്കും.

കെ.വി.സുഗതന്‍,

എരമല്ലൂര്‍, ആലപ്പുഴ

ആദായനികുതിയില്‍ നിന്ന് സര്‍വ്വീസ് പെന്‍ഷന്‍കാരെ ഒഴിവാക്കണം

വര്‍ഷങ്ങള്‍ സര്‍ക്കാരിനെ സേവിച്ച് പ്രായമാകുമ്പോള്‍ ജീവിക്കാന്‍ നല്‍കുന്ന മാറ്റിവയ്ക്കപ്പെട്ട വേതനമാണ് സര്‍വ്വീസ് പെന്‍ഷന്‍. ഇവരില്‍ ഭൂരിഭാഗവും ജീവിതശൈലി രോഗങ്ങളാല്‍ സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടു കഴിയുന്നവരാണ്. അതിനാല്‍ സര്‍വ്വീസ് പെന്‍ഷന്‍കാരെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കുകയോ, പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുകയോ വേണം.

കെ.രാജ, 

ടിഡി നഗര്‍, കൊല്ലം

ഹൈക്കോടതിയുടേയും കണ്ണുതുറപ്പിച്ചു

കണ്ണൂരില്‍ സിപിഎം തുടര്‍ന്നുവന്ന അരുംകൊലകള്‍ ഹൈക്കോടതിയുടേയും കണ്ണുതുറപ്പിച്ചിരിക്കുന്നു. മറ്റൊരു കേസില്‍ കൂടി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഇരട്ടച്ചങ്കന്മാരും കട്ടൗട്ട് പ്രിയരുമെല്ലാം ഹാര്‍ട്ട് അറ്റാക്ക് അഭിനയിച്ചു തുടങ്ങും. സഖാക്കന്മാരുടെ നട്ടെല്ലിന് വാഴനാരിന്റെയത്ര ബലം പോലുമില്ലെന്നാണല്ലോ സിബിഐ എന്നു കേള്‍ക്കുമ്പോള്‍ അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. തെക്കു വടക്ക് ആംബുലന്‍സ് യാത്രകള്‍ ഇനി നമുക്ക് കാണാം.

രാഷ്ട്രീയ എതിരാളികളെ നിഷ്‌ക്കരുണം വെട്ടിയരിയുന്നവരേയും ആസൂത്രകരേയും ഇരുമ്പഴിക്കുള്ളിലാക്കും സിബിഐ എന്ന് നമുക്ക് വിശ്വസിക്കാം. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിന്റെ ഗതി ഇനിയുള്ള കേസുകള്‍ക്കുണ്ടാവാതിരിക്കട്ടെ.

പി.വി. ഹരിലാല്‍,

പള്ളിയറ, ഹരിപ്പാട് 

ആയൂര്‍വേദ മരുന്നുകള്‍ക്കും കിഴിവ് നല്‍കിക്കൂടെ

തൊടികളിലും വേലിപ്പടര്‍പ്പുകളിലും വീട്ടുമുറ്റങ്ങളിലും സുലഭമായി വളര്‍ന്നിരുന്ന ഔഷധത്തെ ശുദ്ധമായ പെട്ടിമരുന്നുകളുപയോഗിച്ച് കഷായംവച്ചു കഴിക്കുന്ന സമ്പ്രദായം ഇന്നത്തെ തലമുറയ്ക്ക് ഒരദ്ഭുതമായിരിക്കും. പണ്ടൊക്കെ ആയുര്‍വേദം രോഗികളെ സംബന്ധിച്ച് ചെലവുകുറഞ്ഞ ചികിത്സാ സമ്പ്രദായമായിരുന്നു. ഇന്ന് പലപ്പോഴും അലോപ്പതി സമ്പ്രദായത്തോടൊപ്പംതന്നെ സാധാരണക്കാരന്റെ സാമ്പത്തികസ്ഥിതിക്ക് താങ്ങാന്‍ പറ്റാത്ത സംവിധാനമായിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നു രോഗശാന്തിക്കുള്ള വളരെ ചുരുക്കം മരുന്നുകള്‍ മാത്രമേ രോഗികള്‍ക്കു ലഭിക്കുന്നുള്ളൂ. പണ്ടൊക്കെ നാട്ടിന്‍പുറത്തെ വൈദ്യശാലകളില്‍ പോലും ചേരുവയും പാകവുമൊക്കെ കൃത്യമായി ഗുണമേന്മ നോക്കി ഔഷധങ്ങള്‍ നിര്‍മിച്ചിരുന്നു. ചെറുകിട ഔഷധനിര്‍മാണ കമ്പനിക്കാര്‍ക്ക്  നിയമത്തിന്റെ ഒട്ടേറെ നൂലാമാലകളും കടന്നുകയറാനുണ്ട്. ഒന്നോ രണ്ടോ ആയുര്‍വേദ ഔഷങ്ങള്‍കൊണ്ട് കോടികള്‍ സമ്പാദിച്ചവരുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് അവര്‍തന്നെയാണല്ലോ.

ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലും  റിഡക്ഷന്റെ കടന്നുകയറ്റമാണ്. വിലകൂട്ടി കിഴിവു നല്‍കുന്ന ആധുനിക സാമ്പത്തിക സിദ്ധാന്തവും പലരും ആവിഷ്‌കരിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണക്കുറവനുസരിച്ചും പലരും കിഴിവ് നല്‍കുന്നു. നീതി സ്റ്റോറുകള്‍, മറ്റു സേവന സന്നദ്ധ സംഘടനകളുടെ കടകള്‍, കാരുണ്യ മെഡിക്കല്‍ ഷോപ്പുകള്‍, ചില സ്വകാര്യ ഇംഗ്ലീഷു മരുന്നു കടയുടമകള്‍ തുടങ്ങി പലരും ഉപഭോക്താക്കള്‍ക്ക് നിശ്ചിത ശതമാനം കിഴിവ് നല്‍കുന്നുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ആയുര്‍വേദ ഔഷധ നിര്‍മാതാക്കളൊന്നും ഇത്തരം സൗജന്യം നല്‍കുന്നുണ്ടെന്ന് തോന്നുന്നില്ല. അപൂര്‍വം ചില മരുന്നുകളില്‍ ചെറിയ കിഴിവ് ലഭിക്കുന്നുണ്ടെന്നു തോന്നുന്നു. ഏജന്‍സികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതുകൊണ്ടായിരിക്കും ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് കിഴിവ് നല്‍കാന്‍ സാധിക്കാത്തത്. അവര്‍ നേരിട്ടു നടത്തുന്ന ബ്രാഞ്ചുകളില്‍ നിശ്ചിത ശതമാനം കിഴിവ് മരുന്നുവാങ്ങുന്നവര്‍ക്ക് നല്‍കിയാല്‍ അത് രോഗികള്‍ക്കൊരനുഗ്രഹമായിരിക്കും.

ചെറാട്ടു ബാലകൃഷ്ണന്‍, തലോര്‍,

തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.