സന്തോഷ് ട്രോഫി; കേരളം ഇന്നിറങ്ങുന്നു

Monday 19 March 2018 3:20 am IST
"undefined"

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കേരളം ഇന്ന്് ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങുന്നു . ഗ്രൂപ്പ് എ യിലെ പോരാട്ടത്തില്‍ ചണ്ഡിഗഢിനെയാണ് കേരളം നേരിടുക. കൊല്‍ക്കത്തയിലെ രബീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തിലാണ്  ഈ മത്സരം. 

2004-05 സീസണിലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. 2012-13 ല്‍ അവര്‍ കിരീടത്തിനടുത്തെത്തി. പക്ഷെ സര്‍വീസസ്് ടൈബ്രേക്കറില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞു.

യോഗ്യതാ റൗണ്ടിലെ ടീമിനെ നയിച്ച രാഹുല്‍ വി രാജാണ് ഫൈനല്‍ റൗണ്ടിലും കേരളത്തെ നയിക്കുന്നത്. ഒരു വിജയവും ഒരു സമനിലയുമായി നാലു പോയിന്റോടെയാണ് കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്്.

ഐ ലീഗില്‍ മിനര്‍വ പഞ്ചാബ് കിരീടമണിഞ്ഞത് ചണ്ഡിഗഢിന് കേരളത്തിനെതിരെ മികവ് കാട്ടാന്‍ പ്രചോദനമായേക്കും.

കിരീടം നിലനിര്‍ത്താന്‍ തയ്യാറെടുക്കുന്ന നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബംഗാള്‍ ഹൗറ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തില്‍ മണിപ്പൂരുമായി ഏറ്റുമുട്ടും. ഒരിക്കല്‍ കിരീടമണിഞ്ഞ ടീമാണ് മണിപ്പൂര്‍.

കാര്യമായ പരിശീലനം കൂടാതെയാണ് ബംഗാള്‍ ഫൈനല്‍ റൗണ്ടിന് ഇറങ്ങുന്നത്. എന്നിരുന്നാലും ടീം മികച്ച പ്രകടനം കാഴച്ചവെയ്ക്കുമെന്ന്  ബംഗാള്‍ കോച്ച് രഞ്ജന്‍ ചൗധരി പറഞ്ഞു.

യോഗ്യതാ റൗണ്ടില്‍ കളിച്ച നാല് റെയില്‍വേ താരങ്ങള്‍ ഇന്റര്‍- റെയില്‍വേ ടൂര്‍ണമെന്റില്‍ കളിക്കാനായി ടീം വിട്ടത് ബംഗാളിന് തിരിച്ചടിയായി. 

പ്രാഥമിക റൗണ്ടില്‍ നിന്ന് യോഗ്യത നേടിയ പത്ത് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുക. 

ഗ്രൂപ്പ് എ യില്‍ കേരളം, ബംഗാള്‍, ചണ്ഡിഗഢ് ,മണിപ്പര്‍, മഹാരാഷ്ട്ര ടീമുകളും ഗ്രൂപ്പ് ബി യില്‍ മിസോറാം , ഗോവ, ഒഡീഷ, പഞ്ചാബ് , കര്‍ണാടക  ടീമുകളും മത്സരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്ന് പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമിയില്‍ കടക്കും. 

മാര്‍ച്ച് 30 നാണ് സെമിഫൈനലുകള്‍. ഏപ്രില്‍ ഒന്നിനാണ് കലാശപ്പോരാട്ടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.