കൊച്ചി: സി.കെ വിനീതിന് പുറമെ കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി സാന്നിിധ്യമായ റിനോ ആന്റോയും ടീം വിടുന്നു. ഐ.എസ്.എല്‍ നാലാം സീസണിലെ റണ്ണേഴ്സ് അപ്പായ ബെംഗളൂരു എഫ്.സിയുമായി താരം കരാറുറപ്പിച്ചതായാണ് സൂചന. സൂപ്പര്‍ കപ്പിന് ശേഷം റിനോ മുന്‍ ക്ലബ്ബായ ബെംഗളൂരിനൊപ്പം ചേരും. പരിക്ക് കാരണം റിനോക്ക് ബ്ലാസ്റ്റേഴ്സിനായി കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. പത്തു മത്സരങ്ങളില്‍ മാത്രമാണ് താരം ബൂട്ടുകെട്ടിയത്.
നേരത്തെ 57 മത്സരങ്ങളില്‍ റിനോ ആന്റോ ബെംഗളൂരുവിന്റെ ജഴ്സി അണിഞ്ഞിട്ടുണ്ട്. നായകനായും ടീമിനെ നയിച്ചു.
സൂപ്പര്‍ കപ്പിന് ശേഷം സി.കെ വിനീതും ബ്ലാസ്റ്റേഴ്സ് വിടും. ജംഷെഡ്പൂര്‍ എഫ്.സി, എ.ടി.കെ ക്ലബ്ബുകള്‍ വിനീതിനായി രംഗത്തുണ്ട്. നേരത്തെ ജാക്കിചന്ദ് സിങിനെയും മിലന് സിങിനെയും ബ്ലാസ്റ്റേഴ്സ് മറ്റു ടീമുകള്‍ക്ക് വിട്ടു നല്‍കിയിരുന്നു. പകരം ഹാളിചരണ്‍ നര്‍സാരി, ലെന് ഡൗങ്കല്‍, മലയാളി താരം സക്കീര്‍ മുണ്ടംപാറ, സെയ്ത്യസെന്‍ സിങ് എന്നിവരെ ടീമിലെത്തിക്കുകയും ചെയ്തു. ഐ.എസ്.എല്‍ സീസണിലെ ഭാവിതാരമായി തെരഞ്ഞെടുക്കപ്പെട്ട ലാല്‍റുവത്താരയുമായുള്ള കരാര്‍ 2021വരെ ടീം പുതുക്കിയിരുന്നു. വിദേശ താരങ്ങളില്‍ കറേജ് പെക്കൂസണ്, ബാല്ഡ്വിന്സണ്, കിസിറ്റോ എന്നിവരുമായുള്ള കരാര്‍ പുതുക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: