ബസ്സിനടിയില്‍പെട്ട് തൊഴിലാളികള്‍ മരിച്ചു

Monday 19 March 2018 3:37 am IST

മണ്ണാര്‍ക്കാട്: പാര്‍ക്ക് ചെയ്ത ഗ്രൗണ്ടില്‍ നിന്ന് പിന്നിലേക്കെടുത്ത ബസ്സിനടിയില്‍പ്പെട്ട്,  

ഉറങ്ങിക്കിടന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ പെട്രോള്‍ പമ്പിന് പിന്നിലുള്ള ഗ്രൗണ്ടില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് അപകടം.

ഛത്തീസ്ഗഢ് സ്വദേശികളായ ബെല്ലിസോറി (18), സുരേഷ്ഗൗഡ (15) എന്നിവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. ഇവരോടൊപ്പം ഉറങ്ങിക്കിടന്ന രാജേഷ് (18) വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഒരുകാല്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 

കൂട്ടുകാര്‍ ചതഞ്ഞരയുന്നത് കണ്ട് നിലവിളിച്ചെങ്കിലും ബസ്സുകാര്‍ നിര്‍ത്താതെ പോയെന്നും രാജേഷ് പറഞ്ഞു. 

കുഴല്‍ക്കിണര്‍ കമ്പനിയിലെ തൊഴിലാളികളാണിവര്‍. ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ സഹദേവനാണ്  സംഭവം ആദ്യം കണ്ടത്. 

നാട്ടുകാരെ വിളിച്ചുകൂട്ടി പരിക്കേറ്റ രാജേഷിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹങ്ങള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃശൂര്‍-മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന സെന്റ് സേവിയേഴ്‌സ് ബസ്സാണ് തൊഴിലാളികളുടെ ശരീരത്തില്‍ കയറിയിറങ്ങിയത്. അപകടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പോലീസിന് നല്‍കിയ മൊഴി. ആര്യമ്പാവ് സ്വദേശി നടത്തുന്ന മദീന കുഴല്‍ക്കിണര്‍ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. പതിനഞ്ചുകാരനായ സുരേഷ് ഗൗഡ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നിരവധി പേര്‍ മണ്ണാര്‍ക്കാട്ടെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.