സമ്മാനഘടനയിലെ അശാസ്ത്രീയത: ലോട്ടറിത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

Monday 19 March 2018 1:15 am IST

ആലപ്പുഴ: സമ്മാനഘടനയിലെ അശാസ്ത്രീയത മൂലം ലോട്ടറി വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിനു തൊഴിലാളികള്‍ ദുരിതത്തിലായി. ടിക്കറ്റ് വില ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ടാണു സമ്മാനഘടനയില്‍ മാറ്റം വരുത്തിയത്. 

  ടിക്കറ്റിന്റെ വില മുപ്പതു രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും സമ്മാനങ്ങളുടെ എണ്ണം കുറച്ചതോടെ വില്‍പ്പന ഗണ്യമായി കുറഞ്ഞെന്നാണു വിതരണക്കാര്‍ പറയുന്നത്. മൊത്ത വിതരണക്കാര്‍, ഏജന്റ്, സബ് ഏജന്റ് എന്നിങ്ങനെ പലതട്ടുകളിലായി നിരവധി ആയിരങ്ങളാണു ലോട്ടറി വില്‍പ്പന രംഗത്ത് ജോലി ചെയ്യുന്നത്. 

5,000, 1,000, 500, 100 തുടങ്ങി ഇരുപതുരൂപ വരെ ഒരോ പത്തു ടിക്കറ്റിനും സമ്മാനങ്ങള്‍ ലഭിച്ചിരുന്ന ഘടനയിലാണു മാറ്റം വരുത്തിയതെന്നാണു വിതരണക്കാരുടെ പരാതി. സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാദ്ധ്യത കുറഞ്ഞതോടെ ലോട്ടറിവില്‍പ്പന പകുതിയിലധികം ഇടിഞ്ഞതായാണ് ഇവര്‍ പറയുന്നത്. കോടിക്കണക്കിനു രൂപ സര്‍ക്കാരിനു വരുമാനമായി ലഭിക്കുന്ന ലോട്ടറി മേഖലയില്‍ പണിയെടുക്കുന്നവര്‍ ഇതോടെ പ്രതിസന്ധിയിലായി.

വികലാംഗരും വയോജനങ്ങളും ശാരീരിക അദ്ധ്വാനമുള്ള ജോലി ചെയ്യാന്‍ കഴിയാത്തരുമാണ് മേഖലയെ കൂടുതലായി ആശ്രയിക്കുന്നത്. 

വലിയ തുകയ്ക്കു പകരം ചെറിയ സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ആളുകള്‍ക്കു സമ്മാനം ലഭിക്കാനുള്ള സാദ്ധ്യത ഒരുക്കിയാലേ വില്‍പ്പനയില്‍ വര്‍ദ്ധന ഉണ്ടാകൂ എന്നാണ് ഇവരുടെ അഭിപ്രായം. സമ്മാനത്തുക വര്‍ദ്ധിപ്പിച്ച് ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കം വില്‍പ്പന കുറയാന്‍ കാരണമാകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.