പ്രതിഷേധം ശക്തമായി, ഗത്യന്തരമില്ലാതെ

Monday 19 March 2018 3:34 am IST
"undefined"

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്യാന്റീനില്‍ ഗോമാംസം ഉള്‍പ്പെടെയുള്ള മത്സ്യ, മാംസാദി വിഭവങ്ങളുടെ വില്‍പ്പനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം. ഇത് ശക്തമായതോടെ ദേവസ്വം മന്ത്രി ഇടപെട്ട് നോണ്‍ വെജിറ്റേറിയന്‍ നിര്‍ത്തലാക്കി. 

നന്തന്‍കോട്ട് ദേവസ്വം ഓഫീസ് വളപ്പിലാണ് വിവാദ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ദേവസ്വം ഭരണാധികാരികളുടെ മൂക്കിനു താഴെ അവരുടെ മൗനാനുവാദത്തോടെയാണ് ക്യാന്റീനില്‍ ബീഫും ചിക്കനുമൊക്കെ വിളമ്പിയത്. ക്യാന്റീനിന്റെ ഒരു ഭാഗത്ത് മതപാഠശാലയും സമീപത്തായി ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള രാജരാജേശ്വരി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

നേരത്തെ ഇന്ത്യന്‍ കോഫീഹൗസ് പ്രവര്‍ത്തിച്ചിരുന്നിടത്താണ് ക്യാന്റീന്‍ പ്രവര്‍ത്തനം. സ്വകാര്യ വ്യക്തിയാണ് ഇത് നടത്തുന്നത്. രാവിലെ ആറു മുതല്‍ ഓഫീസ് സമയമായ വൈകുന്നേരം അഞ്ചുമണിവരെയായിരുന്നു കരാര്‍ അനുസരിച്ച് ക്യാന്റീന്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. പുതിയ ബോര്‍ഡ് വന്നപ്പോള്‍ രാത്രി ഒമ്പതു മണിവരെയാക്കി. ഇതിനായി ക്യാന്റീനു സമീപത്തെ ഗേറ്റ് രാത്രി ഒമ്പതുവരെ തുറന്നിട്ടു. 

ദേവസ്വം ജീവനക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്നതിനാല്‍ പുറത്ത് നിന്നുള്ളവരെ കൂടി കോമ്പൗണ്ടിനകത്തേക്ക് കടത്തി വിടുന്നതിനാണ് പ്രവര്‍ത്തനസമയം കരാറുകാരന്‍ ദീര്‍ഘിപ്പിച്ചത്. നോണ്‍വെജിറ്റേറിയന്‍  വിളമ്പാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായി കരാറുകാരുടെ ആവശ്യങ്ങളെല്ലാം ബോര്‍ഡ് അംഗീകരിച്ച് നല്‍കി. ഇതോടെ ഗോമാംസവും ചിക്കനും ഉള്‍പ്പെടെയുള്ളവ ക്യാന്റീനില്‍ വിളമ്പി തുടങ്ങി. 

മതപാഠ ശാലയിലുള്ളവരും ഭക്തജനങ്ങളും മത്സ്യമാംസാദികള്‍ വിളമ്പുന്നത് തടയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ക്യാന്റീന്‍ അടിച്ചിടുമെന്ന് കരാറുകാരന്‍ ഭീഷണി മുഴക്കിയതോടെ ബന്ധപ്പെട്ടവര്‍ പിന്‍മാറി. ബോര്‍ഡിലെ ജീവനക്കാര്‍ക്ക് വില കുറച്ച് ആഹാരം നല്‍കുന്നതിനാല്‍ ആചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും കുഴപ്പമില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ദേവസ്വം അധികൃതര്‍. 

വിവിധ ആവശ്യങ്ങള്‍ക്കായി ദേവസ്വം ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ ബോര്‍ഡ് ആസ്ഥാനത്ത് എത്താറുണ്ട്. രാവിലെ എത്തിയാല്‍ മിക്കവാറും വൈകുന്നേരമാണ് തിരികെ പോവുക. 

ക്യാന്റീനില്‍ ബീഫും ചിക്കനും വിളമ്പിയതോടെ ഇവര്‍ ദേവസ്വം ഓഫീസിനു പുറത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ അഭയം പ്രാപിക്കേണ്ടതായി വന്നു. പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല.   ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടത്. 

ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് വിഷയം ഉപയോഗിക്കുമെന്ന കാരണത്താല്‍ ക്യാന്റീനില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പിയാല്‍ മതിയെന്ന് ഉത്തരവിട്ടു. എന്നാല്‍ മതപാഠ ശാലയ്ക്കും ക്ഷേത്ര ചുറ്റമ്പലത്തിനടുത്തായി പ്രവര്‍ത്തിക്കുന്ന ദേവസ്വം ക്യാന്റീനില്‍ ബീഫും ചിക്കനും വിളമ്പിയത് തെറ്റാണെന്ന് മന്ത്രി സമ്മതിക്കാന്‍ തയ്യാറായതുമില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.