നീക്കം മൂന്നാം മുന്നണിക്ക്; കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

Monday 19 March 2018 4:00 am IST
നേതൃഗുണമില്ലാത്ത പക്വതയില്ലാത്ത നേതാവായാണ് ഇവര്‍ രാഹുലിനെ കാണുന്നത്. പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിലും ചടുലമായ തീരുമാനങ്ങളെടുക്കുന്നതിലും രാഹുല്‍ പരാജയമാണ്. ബീഹാറിലെ മഹാസഖ്യത്തെ നിലനിര്‍ത്താന്‍ സോണിയ രാഹുലിനെയാണ് ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് നിതീഷ് എന്‍ഡിഎയിലെത്തിയത്.
"undefined"

ന്യൂദല്‍ഹി: ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള കോണ്‍ഗ്രസ് ആഹ്വാനം അവഗണിച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപിയെ താഴെയിറക്കാന്‍ സമാനചിന്താഗതിയുള്ള പാര്‍ട്ടികളുമായി കൈകോര്‍ക്കുമെന്ന് ദല്‍ഹി പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍  കോണ്‍ഗ്രസ്സിനെ പിന്തുണച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയും രംഗത്തു വന്നില്ല. രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി അവതരിപ്പിച്ച സമ്മേളനത്തിന് പിന്നാലെയുണ്ടായ അവഗണന കോണ്‍ഗ്രസ്സിന് ക്ഷീണമായി. 

 ഇതിനിടെ മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കം ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്, ബിജെപി ഇതര മുന്നണി രൂപീകരണ ചര്‍ച്ചകള്‍ക്കായി തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ ചന്ദ്രശേഖര്‍ റാവു ഇന്ന് കൊല്‍ക്കത്തയിലെത്തും. വൈകിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. മറ്റ് പാര്‍ട്ടികളുമായും റാവു ബന്ധപ്പെടുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, ഇടതുപക്ഷം തുടങ്ങിയവര്‍ അനുകൂല നിലപാടിലുമാണ്.

തുടര്‍ച്ചയായി തോല്‍ക്കുന്ന കോണ്‍ഗ്രസ്സുമായുള്ള സഖ്യം നഷ്ടമുണ്ടാക്കും, രാഹുലിന്റെ ദുര്‍ബല നേതൃത്വം അംഗീകരിക്കാന്‍ തയ്യാറല്ല എന്നീ നിലപാടുകളിലാണ് പല പാര്‍ട്ടികളും. സോണിയയോട് അടുപ്പം കാണിച്ചിരുന്ന മായാവതിയും മമതാ ബാനര്‍ജിയും രാഹുലിനെ തുടര്‍ച്ചയായി അവഗണിക്കുകയാണ്. നേതൃഗുണമില്ലാത്ത പക്വതയില്ലാത്ത നേതാവായാണ് ഇവര്‍ രാഹുലിനെ കാണുന്നത്. പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിലും ചടുലമായ തീരുമാനങ്ങളെടുക്കുന്നതിലും രാഹുല്‍ പരാജയമാണ്. ബീഹാറിലെ മഹാസഖ്യത്തെ നിലനിര്‍ത്താന്‍ സോണിയ രാഹുലിനെയാണ് ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് നിതീഷ് എന്‍ഡിഎയിലെത്തിയത്.

 യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിച്ചത്. ദയനീയമായി തോറ്റതോടെ അഖിലേഷ് സഖ്യം അവസാനിപ്പിച്ചു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി കൈകോര്‍ത്തപ്പോള്‍ എസ്പിക്ക് രണ്ട് സീറ്റിലും ജയിക്കാനുമായി. ഇതോടെയാണ് കോണ്‍ഗ്രസ്സിനെ ഒഴിവാക്കിയുള്ള സഖ്യത്തിന് ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായത്. 

അടുത്തിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി സോണിയ നടത്തിയ അത്താഴ വിരുന്ന് ടിആര്‍എസ് ബഹിഷ്‌കരിച്ചിരുന്നു. മമതയും മായാവതിയും അഖിലേഷും പങ്കെടുത്തില്ല, പകരം പ്രതിനിധികളെ അയച്ചു. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ എന്‍സിപി നേതാവ് ശരത് പവാറുമായി മമത അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് ബന്ധത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ സിപിഎം മൂന്നാം മുന്നണിക്കൊപ്പമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഫലത്തില്‍ പ്രതിപക്ഷ നിരയില്‍ ഒറ്റപ്പെടുകയാണ് കോണ്‍ഗ്രസ്. അതേ സമയം ഒരു സഖ്യത്തെയും ഭയപ്പെടുന്നില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. മോദിയും മറ്റുള്ളവരുമെന്ന പോരാട്ടത്തെ സ്വാഗതം ചെയ്യുന്നതായി അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.