ജിഎസ്ടി വന്നിട്ടും ഇടത് സര്‍ക്കാരിന്റെ 'വാറ്റ്' കൊള്ള

Monday 19 March 2018 4:05 am IST
മൂല്യവര്‍ധിത നികുതി നിയമം 2003 അനുശാസിക്കുന്ന രേഖകള്‍ വ്യാപാരികള്‍ ഓഫീസില്‍ സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് സംസ്ഥാന ടാക്‌സ് കമ്മീഷണര്‍ വ്യാപാരികള്‍ക്ക് നോട്ടീസും അയച്ചു തുടങ്ങി. 15 ഇനം രേഖകള്‍ വരെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, നേരത്തെ ഹാജരാക്കിയ രേഖകള്‍ വീണ്ടും നല്‍കാന്‍ കഴിയാതെ വ്യാപാരികളും നട്ടം തിരിയുകയാണ്. വാറ്റ് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി 50 ലക്ഷം രൂപവരെ നികുതിയും പിഴയും അടയ്ക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
"undefined"

കൊച്ചി: രാജ്യമൊട്ടാകെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നിട്ടും മൂല്യവര്‍ധിത നികുതി (വാറ്റ്)യുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികളെ കൊള്ളയടിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വാറ്റ് ഫയലുകള്‍ തീര്‍പ്പാക്കി ജിഎസ്ടിയിലേക്ക് കടന്നിട്ടും വാറ്റിനെ വിടാന്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അക്കൗണ്ടന്റ് ജനറല്‍ തീര്‍പ്പാക്കിയ വാറ്റ് കേസുകള്‍ പുനഃപരിശോധിച്ച് ജിഎസ്ടിക്ക് പുറമെ നികുതിയും പിഴയും വ്യാപാരികളില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ധനവകുപ്പിന്റെ തന്ത്രത്തിന്റെ ഭാഗമാണ് നടപടി.

2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ജിഎസ്ടി നടപ്പാക്കിയതുവരെയുള്ള മൂല്യവര്‍ധിത നികുതി വിവരങ്ങള്‍ സ്‌ക്രൂട്ട്‌നി അസെസ്‌മെന്റ് എന്ന പേരില്‍ നടത്തി വരികയാണ്. മൂല്യവര്‍ധിത നികുതി നിയമം 2003 അനുശാസിക്കുന്ന രേഖകള്‍ വ്യാപാരികള്‍ ഓഫീസില്‍ സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് സംസ്ഥാന ടാക്‌സ് കമ്മീഷണര്‍ വ്യാപാരികള്‍ക്ക് നോട്ടീസും അയച്ചു തുടങ്ങി. 15 ഇനം രേഖകള്‍ വരെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, നേരത്തെ ഹാജരാക്കിയ രേഖകള്‍ വീണ്ടും നല്‍കാന്‍ കഴിയാതെ വ്യാപാരികളും നട്ടം തിരിയുകയാണ്. വാറ്റ് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി 50 ലക്ഷം രൂപവരെ നികുതിയും പിഴയും അടയ്ക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സെയില്‍സ് ടാക്‌സ് കോമ്പൗണ്ടിംഗ് നടത്തിയ സ്വര്‍ണ്ണവ്യാപാരികള്‍, ഹൗസ്‌ബോട്ട് വ്യവസായികള്‍, ക്വാറി നടത്തുന്നവര്‍, കരാറുകാര്‍ എന്നിവരെയാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മറ്റുള്ള മുഴുവന്‍ വ്യാപാരികളുടെയും വാറ്റ് റിട്ടേണ്‍ സമര്‍പ്പണം പുനഃപരിശോധിക്കാനാണ് നീക്കം. 

സെയില്‍സ് ടാക്‌സ് കോമ്പൗണ്ടിംഗ് നടത്തിയ വ്യാപാരികളുടെ കണക്ക് പരിശോധിക്കാനോ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനോ സര്‍ക്കാറിന് അധികാരമില്ലെന്നിരിക്കെയാണിത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍, കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവിനേക്കാള്‍ നിശ്ചിത ശതമാനം കൂടുതല്‍ തുക അടുത്തവര്‍ഷം വിറ്റുവരവായി കാണിച്ചാണ് വ്യാപാരികള്‍ നികുതി അടയ്ക്കുന്നത്. ഇവരുടെ കണക്ക് വീണ്ടും പരിശോധിക്കുന്നത് നിയമത്തിന് വിരുദ്ധമാണെന്നും നികുതി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കരാറുകാര്‍ക്ക് ചെയ്ത ജോലിക്ക് സര്‍ക്കാറാണ് പണം നല്‍കുന്നത്. മൂല്യവര്‍ധിത നികുതി പിടിച്ച ശേഷമായിരുന്നു പണം നല്‍കിയത്. എന്നാല്‍, വാറ്റ് റിട്ടേണ്‍ സമര്‍പ്പണം പുനഃപരിശോധിക്കുന്നതില്‍ നിന്ന് കരാറുകാരെ ഒഴിവാക്കാത്തതും ദുരൂഹമാണ്. ജിഎസ്ടി നടപ്പിലാക്കുംമുമ്പ് വാറ്റ് റിട്ടേണ്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് രൂപ വ്യാപാരികളില്‍ നിന്ന് പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചില വ്യാപാരികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായതോടെ താത്കാലികമായി നിര്‍ത്തിവെച്ച നടപടിയാണ് വീണ്ടും പുനരാരംഭിച്ചിട്ടുള്ളത്. 

സംസ്ഥാനത്തെ മൂന്നരലക്ഷം വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി. മറ്റുസംസ്ഥാന സര്‍ക്കാറുകളെല്ലാം വാറ്റുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഒഴിവാക്കിയിട്ടും, കേരളം അതുമായി മുന്നോട്ടുനീങ്ങുന്നത് വ്യാപാര മേഖലയിലെ സ്തംഭനത്തിനിടയാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.